ഒക്ടോബർ അവസാനത്തോടെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൊറോണ വാക്സിൻ നൽകാൻ യുഎസ്

വാഷിങ്ടൺ: അമേരിക്കയിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള കൊറോണ വാക്സിൻ ഒക്ടോബർ അവസാനത്തോടെ ലഭ്യമായേക്കുമെന്ന് റിപ്പോർട്ടുകൾ. ഡെല്‍റ്റ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അഞ്ച് വയസ്സു മുതല്‍ പതിനൊന്നു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനാണ് നീക്കമെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികള്‍ക്കുള്ള ഫൈസര്‍ വാക്‌സിന്‍ ഒക്ടോബർ 31ഓടെ തയ്യാറാവുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍ കമ്മിഷണര്‍ ഡോ. സ്‌കോട്ട് ഗോട്ട്ലീബ് പറഞ്ഞു. ചെറിയ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് ക്ലിനിക്കൽ ഡാറ്റയുടെ സൂക്ഷ്മവും വേഗത്തിലുള്ളതുമായ അവലോകനം ആവശ്യമാണെന്നും അ​ദ്ദേഹം പറഞ്ഞു.

ഡെൽറ്റ വേരിയന്റ് അതിവേ​ഗം പടർന്ന് പിടിക്കുന്നതിനാൽ കൊറോണ ബാധിച്ച്‌ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടികൾക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാകുന്നത്. കുട്ടികളില്‍ കൊറോണ ഗുരുതരമാവാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും കൊറോണ വാക്സിൻ കുട്ടികൾക്ക് കൂടുതൽ സംരക്ഷണമാണ് നൽകുന്നതെന്നും ഡോ. സ്‌കോട്ട് ഗോട്ട്ലീബ് പറഞ്ഞു.