പൊതുഗതാഗത സംവിധാനത്തില്‍ മാസ്‌ക് ഉപയോഗിക്കാതെ യാത്ര; അമേരിക്കയിൽ പിഴ ഇരട്ടിയാക്കി

വാഷിംഗ്ടണ്‍: കൊറോണ വാക്സിൻ എടുത്തെന്ന് കരുതി അമേരിക്കയിൽ മാസ്ക് വയ്ക്കാതെ യാത്ര ചെയ്താൽ കീശകാലിയാകും. പൊതു ഗതാഗത സംവിധാനത്തില്‍ മാസ്‌ക് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴ യുഎസ് ഇരട്ടിയാക്കി. ഇന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം.

നിലവില്‍ മാസ്‌ക് ചട്ടം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 250 ഡോളറാണ് പിഴ. ഇത് അഞ്ഞൂറു മുതല്‍ ആയിരം ഡോളര്‍ വരെയാക്കും. പിഴവ് ആവര്‍ത്തിച്ചാല്‍ പിഴ ആയിരം ഡോളര്‍ മുതല്‍ മൂവായിരം ഡോളര്‍ വരെയാവുമെന്ന് ബൈഡന്‍ പറഞ്ഞു.

ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ഒടുക്കാന്‍ തയാറായിക്കോളൂ എന്ന മുന്നറിയിപ്പോടെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. മാസ്‌ക് നിര്‍ബന്ധമാക്കുന്നതില്‍ രോഷം പ്രകടിപ്പിക്കുന്നവരെ പ്രസിഡന്റ് വിമര്‍ശിച്ചു. മാസ്‌ക് വയ്ക്കാന്‍ പറയുന്ന ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെയും മറ്റു ഗതാഗത സംവിധാനങ്ങളിലെ അധികൃതരെയും ആളുകള്‍ ശകാരിക്കുന്നതു കാണുന്നുണ്ട്.

കുറെക്കൂടി വിവേകത്തോടെ പെരുമാറുക എന്നാണ് ഇവരോടു പറയാനുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. ബൈഡന്‍ ഭരണമേറ്റ ശേഷമാണ് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ചട്ടം അമേരിക്കയില്‍ പ്രാബല്യത്തിലാക്കിയത്. അതിനു മുമ്പ് വിമാന കമ്പനികളും മറ്റു ഓപ്പറ്റേര്‍മാരും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.