ലൈസന്‍സില്ലാതെ രക്ഷിതാക്കളുടെ കാറോടിച്ച നാല് കുട്ടികള്‍ പിടിയിൽ

ദുബൈ: ലൈസന്‍സില്ലാതെ രക്ഷിതാക്കളുടെ കാറോടിച്ച നാല് കുട്ടികള്‍ പിടിയിലായി. ദുബൈയിലെ ഹത്തയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായത്. നിയമലംഘകരായ ഡ്രൈവര്‍മാരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നടത്തിയ ഊര്‍ജിത പരിശോധനയിലാണ് ഇവരെ പിടികൂടിയതെന്ന് ഹത്ത പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ മുബ്‍റ അല്‍ ഖുത്ത്‍ബി പറഞ്ഞു.

പിടിയിലായത് 13നും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് തുടര്‍ നടപടി സ്വീകരിക്കാന്‍ ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് ദുബൈ പൊലീസ് അറിയിച്ചു. കുട്ടികളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധവേണമെന്നും ലൈസന്‍സില്ലാതെ വാഹനം ഓടിക്കാന്‍ അവരെ അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

യുഎഇയിലെ ഫെഡറല്‍ നിയമം അനുസരിച്ച്, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നയാളിന് 50,000 ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന റേസിങ് പോലുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ പിന്തുണ വേണമെന്നും നിയമപാലകര്‍ക്ക് മാത്രം ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.