കാബൂൾ: cabinet. എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച സിറാജുദ്ദീൻ ഹഖാനിയും ബന്ധുവും മന്ത്രിസഭയിലുണ്ട്. സോവിയറ്റ് യൂണിയനെതിരെ യുദ്ധം നടത്തുകയും പാക്കിസ്ഥാനുമായി ബന്ധമുള്ള ഹഖാനി നെറ്റ്‌വർക്ക് രൂപീകരിക്കുകയും ചെയ്ത ജലാലുദ്ദീൻ ഹഖാനിയുടെ മകനാണ് സിറാജുദ്ദീൻ ഹഖാനി.
അഭയാർഥികളുടെ മന്ത്രിയായാണ് സിറാജുദ്ദീൻ ഹഖാനിയുടെ അമ്മാവൻ ഖലീൽ ഹഖാനിയെ നിയമിച്ചത്. മറ്റ് രണ്ട് ഹഖാനിമാരെക്കൂടി മന്ത്രി സഭയിൽ ഉൾപ്പെടുത്തണമെന്ന് പാക്കിസ്ഥാൻ ആവശ്യമുന്നയിച്ചു. ഇതോടെയാണ് ഇടക്കാല അഫ്ഗാൻ സർക്കാരിൽ പാക്കിസ്ഥാന്റെ ഇടപെടൽ വ്യക്തമായത്.
പാക്കിസ്ഥാൻ ഇന്റലിജൻസ് മേധാവി കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാൻ സന്ദർശിച്ചതിനുശേഷമാണ് ഇടക്കാല സർക്കാർ രൂപീകരണത്തിൽ തീരുമാനമായത്. മുല്ല അബ്ദുൽ ഗാനി ബറാദറെ അവസാന നിമിഷം മാറ്റി മുല്ലാ ഹസൻ അഖുന്ദിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിലും പാക്കിസ്ഥാന്റെ ഇടപെടലാണെന്നാണ് സൂചന. ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന താലിബാന്റെ നയതന്ത്ര പ്രതിനിധിയായിരുന്നു ബറാദർ.
പ്രായോഗിക രാഷ്ട്രീയത്തിന് പ്രാധാന്യം നൽകിയിരുന്ന താലിബാന്റെ ദോഹ ഘടകത്തെ സർക്കാർ രൂപീകരണത്തിൽ തഴഞ്ഞുവെന്ന് വ്യക്തമാണ്. ഇന്ത്യയുമായി ചർച്ച നടത്തിയ ദോഹ സംഘത്തിൽപ്പെട്ട ഷേർ അബ്ബാസ് സ്താനിക്സായ്‌യെയാണ് ഉപവിദേശമന്ത്രിയായി തിരഞ്ഞെടുത്തത്.
സിറാജുദ്ദീൻ ഹഖാനിയെ പിടികൂടുന്നവർക്ക് 10 മില്യൻ ഡോളർ ഇനാം 2016ൽ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മന്ത്രി സഭയിൽ അംഗമായ മറ്റു പല നേതാക്കളും അമേരിക്ക ഇനാം പ്രഖ്യാപിച്ചവരിലുൾപ്പെട്ടവരാണ്. ഭീകരരുമായി നയതന്ത്രത്തിന് യുഎസോ ലോകരാജ്യങ്ങളോ തയാറാകില്ലെന്നാണ് വിലയിരുത്തൽ.
ഹഖാനിമാർ സുപ്രധാന പദവികളിലെത്തിയതോടെ ഇന്ത്യയും കടുത്ത ആശങ്കയിലാണ്. 2008ൽ 58 പേരുടെ മരണത്തിന് ഇടയാക്കിയ കാബൂളിലെ ഇന്ത്യൻ എംബസി ആക്രമണത്തിന് പിന്നിൽ ഹഖാനിയായിരുന്നു. ചാവേർ ആക്രമണം നടത്തുന്നതിൽ കുപ്രസിദ്ധരാണ് ഹഖാനി സംഘം. വിദേശികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതും ഇവരുടെ സ്ഥിരം പരിപാടിയാണ്.
പ്രധാനമന്ത്രി ഉൾപ്പെടെ ക്യാബിനറ്റിലെ 33 പേരിൽ 17 പേർ യുഎൻ ഉപരോധ പട്ടികയിലുള്ളവരാണെന്ന് അഫ്ഗാന്റെ യുഎൻ പ്രതിനിധി ഗുലാം ഐസക്സായ് പറഞ്ഞു. അതേ സമയം, താലിബാൻ ഭീകരർ സർക്കാരിന് അംഗീകാരം നൽകണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അംഗ രാജ്യങ്ങളാണെന്ന് യുഎൻ വ്യക്തമാക്കി.