താലിബാൻ ഭീകരർ ഗർഭിണിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നു; ഭീകരരെ ഭയന്ന് സ്ത്രീകൾ നെട്ടോട്ടത്തിൽ

കാബൂൾ : താലിബാൻ ഭീകരർ ഗർഭിണിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊലപ്പെടുത്തി. ഖോർ പ്രവിശ്യയിലെ ഫിറോസ്‌കോ സ്വദേശിനിയായ ബാനു നെഗാർ ആണ് താലിബാൻ ഭീകരരുടെ ക്രൂരതയ്‌ക്ക് ഇരയായത്. അതേ സമയം താലിബാൻ ഭീകരരെ ഭയന്ന് സ്ത്രീകൾ നെട്ടോട്ടം തുടങ്ങി.

കഴിഞ്ഞരാത്രിയാണ് ബാനു നെഗാർ കൊല്ലപ്പെട്ടത്. ആയുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരർ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുൻപിൽ വെടിവെയ്‌ക്കുകയായിരുന്നു. കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച ഭീകരർ മൃതദേഹത്തിന്റെ മുഖം വികൃതമാക്കി.മൂന്ന് ഭീകരരാണ് വീട്ടിലേക്ക് അതിക്രമിച്ച് കടന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

അറബി ഭാഷയിലാണ് സംസാരിച്ചത്. സംഭവ ശേഷം വാഹനത്തിൽ കടന്നുകളയുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. പ്രാദേശിക ജയിലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്ന നെഗാർ എട്ടുമാസം ഗർഭിണിയായിരുന്നു.

താലിബാന്‍ അധികാരത്തിലെത്തിയതോടെ തലയും ശരീരവും പൂര്‍ണമായി മറയ്‌ക്കാന്‍ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് അഫ്ഗാനിലെ സ്ത്രീകള്‍. ഇതോടെ അഫ്ഗാനില്‍ ബുര്‍ഖ-ഹിജാബ് കച്ചവടം പൊടിപൊടിക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഹിജാബിനായി സ്ത്രീകള്‍ നെട്ടോട്ടം ഓടുന്നത്. ഹിജാബില്ലാത്തതിന് പിടിക്കപ്പെട്ടാല്‍ ജീവന് പോലും ഭീഷണിയുണ്ടാകുന്ന സാഹചര്യമാണ് നിലവില്‍ അഫ്ഗാനില്‍ നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം രാജ്യത്ത് ഒരുവശത്ത് സമത്വത്തിനായുള്ള പോരാട്ടത്തിലാണ് ഒരുകൂട്ടം സ്ത്രീകള്‍. സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന്, ആവശ്യപ്പെട്ടാണ് പ്രതിഷേധം.