വാഷിംഗ്ടണ്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ ചില ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മുന്‍ ഉദ്യോഗസ്ഥരുടെ ഇമെയിലുകള്‍ ആക്സസ് ചെയ്യാന്‍ താലിബാന്‍ ഭീകരര്‍ ശ്രമിക്കുന്നതിനാലാണ് ഗൂഗിളിന്റെ നടപടിയെന്നാണ് വിവരം.
” വിദഗ്ധരുമായി കൂടിയാലോചിച്ച്, ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതി തുടര്‍ച്ചയായി വിലയിരുത്തുകയാണ്. വിവരങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നതിനാല്‍, പ്രസക്തമായ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഞങ്ങള്‍ താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കുകയാണ്” ഗൂഗിള്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ധനകാര്യ, വ്യവസായം, ഉന്നത വിദ്യാഭ്യാസം, ഖനികള്‍ എന്നീ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ഉള്ള രണ്ട് ഡസനോളം ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആശയവിനിമയത്തിനായി ഗൂഗിള്‍ ഉപയോഗിച്ചിരുന്നു. പ്രാദേശിക ഭരണകൂടങ്ങളും പ്രസിഡന്‍ഷ്യല്‍ പ്രോട്ടോക്കോളിന്റെ ഓഫീസും ഗൂഗിള്‍ ഉപയോഗിച്ചിരുന്നു.
20 വര്‍ഷത്തിന് ശേഷം അമേരിക്ക സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ ഭീകരര്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്. കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് തന്നെ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചെടുക്കുകയായിരുന്നു. താലിബാന്‍ ഭീകരര്‍ അധികാരസ്ഥാനങ്ങളെല്ലാം കയ്യടിക്കയതിന് പിന്നാലെയാണ് ഇ മെയില്‍ രേഖകള്‍ പരിശോധിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായത്.