കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പഞ്ചശീര്‍ പ്രവിശ്യ പിടിച്ചടക്കിയെന്ന് അവകാശപ്പെട്ട് താലിബാന് ഭീകരര്‍ നടത്തിയ വിജയാഘോഷത്തിനിടെ 17 പേര് വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ അഫ്ഗാന്റെ തലസ്ഥാന നഗരമായ കാബൂളില്‍ താലിബാന് ഭീകരർ നടത്തിയ ആഘോഷത്തിനിടെയാണ് സാധാരണക്കാരായ ജനങ്ങള്‍ വെടിയേറ്റ് മരിച്ചത്.
സംഭവത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിന് കിഴക്കുള്ള നാംഗര്‍ഹാര്‍ പ്രവിശ്യയില്‍ താലിബാന് ഭീകരര്‍ നടത്തിയ സമാന ആഘോഷങ്ങളില്‍ 14 പേര്‍ക്ക് പരിക്കേറ്റു.അതേസമയം, താലിബാന് ഭീകരരുടെ അവകാശവാദം തെറ്റാണെന്നും പഞ്ചശീര്‍ കീഴടങ്ങിയിട്ടില്ലെന്നും പ്രതിരോധ സേന വ്യക്തമാക്കി.
ഭീകരരുടെ ശക്തമായ ആക്രമണത്തില്‍ സഖ്യസേനയ്ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടും കീഴടങ്ങാതെ പിടിച്ചുനില്‍ക്കുകയാണെന്നും സേന പ്രതികരിച്ചു. പഞ്ചശീറില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ച് താലിബാന് ഭീകരര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്ന് മുന്‍ അഫ്ഗാന് പ്രസിഡന്റ് ഹാമിദ് കര്‍സായി വ്യക്തമാക്കി.