കാബുള്‍ വിമാനത്താവളം അരിച്ചുപെറുക്കി താലിബാന്‍ ഭീകരർ; യുദ്ധവിമാനങ്ങൾ നശിപ്പിച്ച് അമേരിക്കൻ പിൻവാങ്ങൽ

കാബൂള്‍: അവസാന യുഎസ് സൈനിക വിമാനവും അഫ്ഗാനിസ്ഥാന്‍ വിട്ടതോടെ കാബൂള്‍ വിമാനത്താവളത്തിന്റെ പൂര്‍ണനിയന്ത്രണം താലിബാൻ ഭീകരരുടെ കൈകളിലായി. അമേരിക്ക പിന്‍വാങ്ങിയതോടെ വിമാനത്തവളത്തിന്റെ ഹാങ്ങറുകളിലെത്തി താലിബാന്‍ ഭീകരർ പരിശോധന നടത്തി. എന്നാല്‍ വിമാനം കയറുന്നതിനു മുന്‍പു തന്നെ വിമാനത്താവളത്തില്‍ സൂക്ഷിച്ചിരുന്ന ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളുമടക്കം യുദ്ധത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത വിധം നിര്‍ജ്ജീവമാക്കിയാണ് യുഎസ് സൈന്യം മടങ്ങിയത്.

യുഎസ് സൈനികര്‍ കാബൂള്‍ വിട്ടതിനു പിന്നാലെ വിമാനത്താവളത്തില്‍ താലിബാന്‍ ഭീകരർ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ് പുറത്തു വിട്ടത്. യുഎസ് സൈന്യം ഉപേക്ഷിച്ചു പോയ കോടികള്‍ വിലവരുന്ന ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ താലിബാന്‍ ഭീകരർ പരിശോധിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഈ കോപ്റ്ററുകളും വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന റോക്കറ്റ് പ്രതിരോധ സംവിധാനവും മറ്റു കവചിത വാഹനങ്ങളും താലിബാൻ ഭീകരർക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചിട്ടാണ് സൈന്യം മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘ഈ വിമാനങ്ങള്‍ ഇനി ഒരിക്കലും പറക്കില്ല. ഇവ മറ്റാര്‍ക്കും ഉപയോഗിക്കാനും കഴിയില്ല.’ സെന്‍ട്രല്‍ കമാന്‍ഡ് ഹെഡ് ജനറല്‍ കെനത്ത് മക്കെന്‍സി പറഞ്ഞു. ഹെലികോപ്റ്ററുകള്‍ യുദ്ധം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ പറത്താനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യുഎസ് സൈന്യം പിന്മാറ്റം പൂര്‍ത്തിയാക്കുന്നതിനു തൊട്ടു മുന്‍പു വരെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നവയില്‍ ഉള്‍പ്പെടുന്നതാണ് നിര്‍ജ്ജീവമാക്കിയ റോക്കറ്റ് പ്രതിരോധ സംവിധാനം.

രണ്ട് ദിവസം മുന്‍പ് വിമാനത്താവള പരിസരത്ത് ഐഎസ് ആക്രമണം നടന്നപ്പോള്‍ വരെ പ്രവര്‍ത്തിച്ചിരുന്ന സി റാംസ് സംവിധാനം അവസാന യുഎസ് വിമാനം പോകുന്നതിനു തൊട്ടു മുന്‍പ് നിര്‍ജീവമാക്കുകയായിരുന്നുവെന്നാണ് വിവരം. ഈ സംവിധാനവും ഇനി താലിബാൻ ഭീകരർക്ക് ഉപയോഗിക്കാനാകില്ല. അതേസമയം, സംവിധാനം പൂര്‍ണമായി നശിപ്പിച്ചു കളഞ്ഞിട്ടില്ലെന്നും വിമാനത്താവളം ഇപ്പോഴും ഉപയോഗപ്രദമാണെന്നും യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ 27 ഹമ്മര്‍ വാഹനങ്ങളും യുഎസ് സൈന്യം നശിപ്പിച്ചവയില്‍പ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചു പോയ എഴുപത് എംറാപ് കവചിത വാഹനങ്ങള്‍ക്കും കോടികള്‍ വിലയുണ്ട്. ഒരു എംറാപ് വാഹനത്തിന് ഏഴരക്കോടി രൂപയോളമാണ് വിലവരുന്നത്. മുന്‍നിശ്ചയിച്ചതു പോലെ ഓഗസ്റ്റ് 31ന് തന്നെ യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറുമെന്ന് ജോ ബൈഡന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുറപ്പെടുന്നത് അവസാന വിമാനമാണെന്ന വിവരം സുരക്ഷാകാരണങ്ങളുടെ പേരില്‍ യുഎസ് രഹസ്യമാക്കി വെച്ചിരുന്നു. ഇതോടു കൂടി ഇരുപത് വര്‍ഷം നീണ്ട യുഎസിന്റെ അഫ്ഗാന്‍ യുദ്ധത്തിനാണ് അവസാനമായിരിക്കുന്നത്.