അഫ്ഗാന്‍ ഗായകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി താലിബാന്‍ ഭീകരര്‍ വെടിവെച്ചുകൊന്നു; ഭീകര ഭരണത്തിൻ്റെ താണ്ഡവം തുടങ്ങി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കും സംഗീതത്തിനും വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഗായകനെ താലിബാന്‍ വെടിവെച്ച് കൊന്നു. നാടോടി ഗായകന്‍ ഫവാദ് അന്‍ദരാബിയെയാണ് താലിബാന്‍ ഭീകരർ കൊലപ്പെടുത്തിയത്. കാബൂളിന് 100 കിലോമീറ്റര്‍ വടക്ക് ബഗ്ലാന്‍ പ്രവിശ്യയിലെ അന്ദ്രാബി താഴ്വരയില്‍ കഴിഞ്ഞ ദിവസാമാണ് സംഭവം. ഫവാദ് കൊല്ലപ്പെട്ടതായി കുടുംബം സ്ഥിരീകരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫവാദ് അന്‍ദരാബിയെ താലിബാന്‍ ഭീകരർ കൊലപ്പെടുത്തിയതായും തീവ്രവാദികള്‍ അദ്ദേഹത്തെ തേടി പതിവായി വീട്ടില്‍ എത്തിയിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. ഫവാദിനെ വീട്ടില്‍ നിന്നും ബലമായി കൂട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ ഭീകര നേതൃത്വത്തെ ശക്തമായി എതിര്‍ക്കുന്ന പഞ്ച്ശീര്‍ പ്രവശ്യയ്ക്ക് സമീപമുള്ള പ്രദേശമാണ് അന്ദ്രാബി താഴ്വര. ‘താലിബാന്‍ തീവ്രവാദികള്‍ മുന്‍പും വീട്ടില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്രവാശ്യം കാര്യങ്ങള്‍ നിരാശജനകമായിരുന്നു.

വെള്ളിയാഴ്ച വീട്ടിലെത്തിയ അവര്‍ പിതാവിനെ ബലമായി പിടിച്ച് കൊണ്ട് പോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് മരണം സംഭവിച്ചത്. പിതാവിന്റെ മരണത്തില്‍ നീതി ലഭ്യമാക്കണം’ – ജവാദ് അന്‍ദരാബി പറഞ്ഞു. അതേസമയം ഫവാദിന്റെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കുമെന്ന് പ്രാദേശിക താലിബാന്‍ ഭീകരനേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്‌. .

ഫവാദിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് താലിബാന്‍ ഭീകരവക്താവ് സബീഹുള്ള മുജാഹിദ് പറയുന്നു. രാജ്യത്ത് സംഗീതം അടക്കമുള്ളവ താലിബാന്‍ ഭീകരഭരണം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും ജനങ്ങളെയും സവിശേഷതകളെ പുകഴ്ത്തുന്ന ഗാനങ്ങള്‍ പാടുന്ന ഫവാദ് അന്‍ദരാബിയെ താലിബാന്‍ ഭീകരർ വധിച്ചത്.

ജനപ്രിയ ഹാസ്യതാരമായ ഖാഷയെന്ന് വിളിപ്പേരുള്ള നാസര്‍ മുഹമ്മദിനെയും ആഴ്ചകള്‍ക്ക് മുന്‍പ് താലിബാന്‍ ഭീകരർ കഴുത്തറുത്ത് കൊന്നിരുന്നു. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഖാഷയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഖാഷയെ മരത്തില്‍ കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ താലിബാൻ ഭീകര ഭരണമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഖാഷയുടെ കൊലപാതക വിവരം ഇറാന്‍ ഇന്റര്‍നാഷ്ണലിന്റെ മുതിര്‍ന്ന ലേഖകന്‍ താജുദെന്‍ സോറഷാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തീവ്രവാദികളില്‍ ഒരാള്‍ ഖാഷയുടെ മുഖത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങളിലുണ്ട്. രാജ്യത്തിന്റെ ഭരണം താലിബാന്‍ ഭീകരർ ഏറ്റെടുത്തതോടെ കലാകാരന്മാരും ആക്ടിവിസ്റ്റുകളും ആശങ്കയിലാണ്. പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യത്തിലാണ്.

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 180ലധികം പേരാണ് മരിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ ശനിയാഴ്ച തന്നെ ബ്രിട്ടന്‍ തങ്ങളുടെ ഒഴിപ്പിക്കല്‍ നടപടി അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വിമാനത്താവളത്തിന് ചുറ്റും താലിബാന്‍ ഭീകരർ സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച വരെയാണ് രക്ഷാദൗത്യം തുടരുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായി താലിബാൻ ഭീകരരുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്.