കാബൂള്‍ വിമാനത്താവളത്തില്‍ 36 മണിക്കൂറിനുള്ളില്‍ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി അമേരിക്ക

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് അമേരിക്ക. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 36 മണിക്കൂറിനുള്ളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കുന്നത്.

യു എസ് സേനാ പിന്‍മാറ്റം ആരംഭിച്ച സാഹചര്യത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. തന്റെ ദേശീയ സുരക്ഷാ സംഘത്തില്‍ നിന്നുള്ള ഒരു ബ്രീഫിംഗിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് ജോ ബൈഡന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിലെ സ്ഥിതി അതീവ അപകടകരമായ ഒന്നാണ്. വിമാനത്താവളത്തില്‍ ഇപ്പോഴും ഭീകരാക്രമണ ഭീഷണി ഉയരുന്നു.

വരുന്ന 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് കമാന്‍ഡര്‍മാര്‍ അറിയിച്ചതായും ബൈഡന്‍ വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച നടന്ന കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസാന്‍ ഗ്രൂപ്പിനെയെതിരെയുള്ള യുഎസിന്റെ ആക്രമണം അവസാനത്തേതല്ലെന്നും ബൈഡന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട ചാവേറാക്രമണതത്തില്‍ 169 അഫ്ഗാനികളും 13 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡ്രോണുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ചാവേറാക്രമണത്തിന്റെ സൂത്രധാരന്മാരെ അടക്കമുള്ള ഭീകരരെ വധിച്ചിരുന്നു. കിഴക്കന്‍ നന്‍ഗാര്‍ പ്രവശ്യയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തേക്ക് ഡ്രോണ്‍ വഴിയാണ് ആക്രമണം നടത്തിയത്.

സാധാരണക്കാരായ ആര്‍ക്കും തന്നെ ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ചുകൊണ്ട് താലിബാൻ ഭീകരരും രംഗത്തുവന്നിരുന്നു. ചാവേറാക്രമണത്തില്‍ പങ്കെടുത്തതായി കരുതുന്ന ചിലരെ അറസ്റ്റ് ചെയ്തതായി താലിബാന്‍ ദീകര ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ താലിബാന്‍ ഭീകരരും കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണവും താലിബാന്‍ ഭീകരർ ഏറ്റെടുക്കുന്നതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.