കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിനു ചുറ്റും ഇന്ന് കൂടുതൽ അംഗങ്ങളെ വിന്യസിച്ച് താലിബാൻ ഭീകരർ. കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് നടപടി.
അഫ്ഗാനിൽനിന്നുള്ള മറ്റുരാജ്യങ്ങളുടെ രക്ഷാദൗത്യത്തിന്റെ തോത് കുറഞ്ഞതും വിമാനത്താവളത്തിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ താലിബാൻ ഭീകരരെ പ്രേരിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ താലിബാന്റെ പുതിയ ചെക്ക്പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ചില ചെക്കുപോസ്റ്റുകൾ യൂണിഫോമിട്ട താലിബാൻ ഭീകരരാണ് നിയന്ത്രിക്കുന്നത്. അഫ്ഗാൻ സേനയിൽനിന്ന് തട്ടിയെടുത്ത സൈനികവാഹനങ്ങളും രാത്രിയിലെ കാഴ്ചയ്ക്കുപയോഗിക്കുന്ന കണ്ണടകളും ഉപയോഗിച്ചാണ് ചെക്കുപോസ്റ്റുകളിൽ താലിബാൻ ഭീകരസേന നിലയുറപ്പിച്ചിരിക്കുന്നത്. അഫ്ഗാൻ താലിബാൻ ഭീകരർ പിടിച്ചെടുത്തതിനെത്തുടർന്ന് പ്രാണരക്ഷാർഥം മറ്റുരാജ്യങ്ങളിലേക്ക് കടക്കുന്നതിനായി ഒട്ടേറെയാളുകൾ എത്തിച്ചേർന്നിരുന്ന വിമാനത്താവള പരിസരം ഏറെക്കുറെ ഒഴിഞ്ഞനിലയിലാണുള്ളത്.
ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ കൊടും ഭീകരസംഘം വ്യാഴാഴ്ച നടത്തിയ ചാവേർ ആക്രമണത്തിൽ 169 അഫ്ഗാൻ പൗരന്മാരും 13 യു.എസ്. സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇവർ ഇനിയും ആക്രമണം നടത്തിയേക്കുമെന്ന സൂചനയും ഇവിടെ നിലനിൽക്കുന്നുണ്ട്. ഓഗസ്റ്റ് 31-ന് യു.എസ്. സൈന്യം അഫ്ഗാൻ വിടുമെന്നിരിക്കെ, ഒട്ടുമിക്ക പാശ്ചാത്യരാജ്യങ്ങളും തങ്ങളുടെ രക്ഷാദൗത്യം പൂർത്തിയാക്കി.
യു.എസിന്റെ കണക്കുപ്രകാരം ഏകദേശം ഒരു ലക്ഷത്തിലേറെ പേരെ കാബൂൾ വിമാനത്താവളം വഴി സുരക്ഷിതമായി മറ്റുരാജ്യങ്ങളിലെത്തിച്ചു. എന്നാൽ, പതിനായിരക്കണക്കിന് ആളുകൾ രാജ്യം വിടാൻ വേണ്ടി ഇനിയും കാത്തുനിൽക്കുന്നുണ്ട്. രക്ഷാദൗത്യം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഇവർക്കെല്ലാം രാജ്യം വിടാൻ കഴിയുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.