ഇനിയുള്ളത് 5400 അമേരിക്കക്കാർ ; അഫ്‍ഗാന്‍ രക്ഷാദൗത്യം അവസാന നിമിഷം വരെയെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: അഫ്‍ഗാന്‍ രക്ഷാദൗത്യം അവസാന നിമിഷം വരെയെന്ന് അമേരിക്ക. ഇതുവരെ 1,11,000 പേരെ അഫ്‍ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് അമേരിക്കയുടെ കണക്കുകള്‍. 5400 ഓളം അമേരിക്കന്‍ പൗരന്മാരെയാണ് ഇനി ഒഴിപ്പിക്കാനുള്ളത്.

അതേസമയം കാബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 അമേരിക്കന്‍ സൈനികരുമുണ്ട്.
പത്ത് വര്‍ഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനില്‍ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണിത്.

സൈനികരുടെ മരണത്തില്‍ കണ്ഠമിടറി മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കും. ഇത് അമേരിക്ക മറക്കില്ലെന്നാണ്. എന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇരട്ട സ്ഫോടനം നടത്തിയ ഖൊറാസാന്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരര്‍ക്ക് എന്ത് തിരിച്ചടി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് പക്ഷെ ബൈഡന്‍ വ്യക്തമാക്കിയില്ല.