കാബൂൾ വിമാനത്താവളത്തിലെ കാഴ്ച്ച കാണാൻ പോയ പാകിസ്ഥാനി ട്രക് ഡ്രൈവർ യുഎസിൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ മുന്നേറ്റവും തലസ്ഥാനനഗരം പിടിച്ചടക്കലും അതിൽ നിരവധി പേരുടെ ജീവനും സ്വത്തിനും നാശം സംഭവിക്കുകയാണ്. ജനങ്ങളെ സംരക്ഷിക്കേണ്ട അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു രക്ഷപ്പെടുകയും ചെയ്തു.

ഇതെത്തുടർന്ന് പരിഭ്രാന്തരായ അഫ്ഗാൻ പൗരൻമാരും വിദേശ ജോലിക്കാരുമൊക്കെ രാജ്യം വിടാനായി കാബൂൾ വിമാനത്താവളത്തിൽ തടിച്ചു കൂടി. വിമാനത്തിലിടം കിട്ടാത്തവർ വിമാനത്തിൻ്റെ ചിറകിലും വീൽ കംപാർട്മെന്റിലുമൊക്കെ അള്ളിപ്പിടിച്ചു പോകുന്നതിന്റെയും ചിലർ പിടിവിട്ടു നിലത്തു വീഴുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ പ്രചരിച്ചു. കാബൂൾ വിമാനത്താവളം ജനസമുദ്രമായി മാറി.

ഇതിനിടെ കാബൂളിനു സമീപം ചരക്ക് ട്രക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു പാക്കിസ്ഥാനിലെ ലാൻഡി കോട്ടൽ സ്വദേശിയായ മാഷോ ഷിൻവാരി. വിമാനത്താവളത്തിലെ കോലാഹലത്തെക്കുറിച്ചു കേട്ട് അതൊന്നു കാണാനായി ഷിൻവാരി വിമാനത്താവളത്തിലേക്കു പോയി. ആൾക്കാരെ ഒഴിപ്പിക്കാനായി വിമാനത്താവളത്തിൽ കിടന്ന യുഎസ് ഗ്ലോബ്മാസ്റ്റർ സി–17 വിമാനത്തിൽ ഷിൻവാരിയും കയറിപ്പറ്റി. വിമാനം താമസിയാതെ യുഎസിലേക്കു പറന്നു.

ഡച്ച് രാഷ്ട്രീയക്കാരനും മുൻ പാർലമെന്റംഗവുമായ ജോറാം വാൻ ക്ലവേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കൗതുകകരമായ ഈ സംഭവത്തെക്കുറിച്ചു സമൂഹമാധ്യമത്തിൽ വിവരം പങ്കുവച്ചത്. പെഷാവറിൽ നിന്നാണ്, മാഷോ ഷിൻവാരി അഫ്ഗാനിലെ ടോർഖാമിലേക്കു ട്രക്ക് ഓടിച്ചുപോയത്.

പാക്കിസ്ഥാനിൽ ഷിൻവാരിയുടെ വിവരമറിയാതെ വിഷമിച്ചിരിക്കുകയാരിരുന്നു കുടുംബം. രണ്ടാഴ്ചയ്ക്കു മുൻപ് വണ്ടിയും കൊണ്ടുപോയ മനുഷ്യന്റെ ഒരു വാർത്തയുമില്ല. അയൽരാജ്യത്തു നടന്ന പ്രക്ഷോഭത്തിൽ ഷിൻവാരി കൊല്ലപ്പെട്ടിരിക്കാമെന്ന് കുടുംബം കണക്കുകൂട്ടുകയും ദുഖാചരണത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടയിൽ കുടുംബാംഗങ്ങൾക്ക് ഒരു രാജ്യാന്തര നമ്പരിൽ നിന്നു ഫോൺകോൾ വന്നു. അപ്പുറത്തു ഷിൻവാരിയായിരുന്നു.

താനിങ്ങു യുഎസിലെത്തിയെന്ന് ഷിൻവാരി പറഞ്ഞതു കേട്ട് കുടുംബാംഗങ്ങൾ വാപൊളിച്ചിരുന്നു പോയി. ഇനി പാക്കിസ്ഥാനിലേക്കില്ലെന്നും യുഎസിൽ പുതിയൊരു ജീവിതം തുടങ്ങാനാണു തനിക്കു താൽപര്യമെന്നും ഷിൻവാരി കുടുംബാംഗങ്ങളെ അറിയിച്ചത്രേ. പ്രക്ഷോഭങ്ങൾ അടങ്ങുമ്പോൾ കാബൂൾ വിമാനത്താവളത്തിനു സമീപം പാർക്ക് ചെയ്തിരിക്കുന്ന തന്റെ ട്രക്ക് എടുത്തു പാക്കിസ്ഥാനിൽ തിരിച്ചെത്തിക്കണമെന്നും അദ്ദേഹം ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇതുപോലെ ധാരാളം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് കാണ്ഡഹാറിൽ ജീവിക്കുന്ന അഫ്ഗാൻ വ്ലോഗറായ ഫർഹാൻ ഹോഡാക് പറയുന്നു. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കാണാതെ പോയ പലരും ഇന്നു ലോകത്തിന്റെ പലഭാഗങ്ങളിലുമെത്തിയിട്ടുണ്ടെന്നും ഫർഹാൻ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഷിൻവാരിക്കഥ വ്യാജമാണോയെന്നും സ്ഥിരീകരണമില്ല.