കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം

കാബൂള്‍: താലിബാന്‍ ഭീകരർ ഭരണം തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്. കുട്ടികളും താലിബാന്‍ അംഗങ്ങളും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കുണ്ട്.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

കാബൂളില്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം ഉണ്ടായ കാര്യം അമേരിക്ക സ്ഥിരീകരിച്ചു. രാജ്യം വിടാന്‍ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നത്. ഇവര്‍ക്ക് ഇടയിലാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ സ്‌ഫോടനമെന്നാണ് സൂചന.

ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. വിമാനത്താവളം ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും രഹസ്യവിവരം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ 90000 അഫ്ഗാന്‍ പൗരന്മാരും വിദേശികളും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 15നാണ് താലിബാന്‍ ഭീകരർ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.