ബെല്‍ജിയം: പ്രണയിക്കുന്നത് തെറ്റല്ല, പക്ഷേ പ്രണയം മൃഗങ്ങളോട് തോന്നിയാലോ?. അതും പരിണാമസിദ്ധാന്തത്തിൻ്റെ ചുവടുപിടിച്ചായാലോ?. അത്തരമൊരു വിചിത്ര സംഭവമാണ് ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലെ മൃഗശാലയില്‍ സംഭവിച്ചത്. ഈ മൃഗശാലയിലെ ഒരു സ്ഥിരം സന്ദര്‍ശകയായിരുന്നു അഡി ടിമ്മര്‍മാന്‍സ് എന്ന യുവതി. എന്നാല്‍ പിന്നീടാണ് മൃഗശാല അധികൃതര്‍ ഒരുകാര്യം ശ്രദ്ധിക്കുന്നത്.
മൃഗശാലയില്‍ ഉള്ള മുഴുവന്‍ സമയവും അഡി 38 വയസുള്ള ചിറ്റ എന്ന ചിമ്പാന്സിയോടൊപ്പമാണ് ചിലവഴിക്കുന്നത്. ഇതില്‍ സംശയം തോന്നിയ അധികൃതര്‍ വിശദമായി യുവതിയെ ചോദ്യം ചെയ്തപ്പോള്‍ താനും ചിറ്റയും പ്രണയത്തിലാണെന്നും തങ്ങള്‍ക്ക് പിരിഞ്ഞിരിക്കാന്‍ സാധിക്കില്ലെന്നും നാലു വര്‍ഷമായി ഈ ബന്ധം തുടരുകയാണെന്നും അഡി പറഞ്ഞു.
മൃഗശാല അധികൃതര്‍ ഉടന്‍ തന്നെ അഡിയെ മൃഗശാലയില്‍ നിന്ന് പുറത്താക്കുകയും അവര്‍ക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ഉന്നത അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിരിക്കുകയാണ് അഡി ഇപ്പോള്‍. മൃഗങ്ങള്‍ മൃഗശാലയിലെ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാറുണ്ടെന്നും എന്തു കൊണ്ട് തന്നെയും അതിന് അനുവദിച്ചുകൂടാ എന്ന് അഡി തന്റെ പരാതിയില്‍ ചോദിക്കുന്നു.
എന്നാല്‍ അഡിയുമായുള്ള അടുപ്പം കാരണം ചിറ്റ മറ്റ് ചിമ്പാന്‍സികളുമായി കൂട്ടുകൂടുന്നില്ലെന്നും ഇത് ഒരു പക്ഷേ ചിറ്റയും മറ്റ് ചിമ്പാന്‍സികളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുള്ളതിനാലാണ് അഡിക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.