അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കാന്‍ താലിബാന് പാകിസ്ഥാന്റെ സഹായം കിട്ടിയതായി അമേരിക്കൻ പ്രതിനിധി സഭാംഗം

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്റെ ഭരണം കൈയ്യേറാന്‍ താലിബാന് പാകിസ്ഥാന്റെ സഹായം ലഭിച്ചതായി അമേരിക്കൻ പ്രതിനിധി സഭാംഗം. താലിബാനെ സംരക്ഷിക്കുന്നതിലും അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കുന്നതിലും പാകിസ്ഥാനും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ പ്രതിനിധി സഭാംഗം സ്റ്റീവ് ചബോട്ട് വ്യക്തമാക്കുന്നത്.

”താലിബാനെ വളര്‍ത്തുന്നതിലും ഒടുവില്‍ അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ താലിബാനെ അനുവദിക്കുന്നതിലും പാകിസ്ഥാനും പ്രത്യേകിച്ച് അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയും പ്രധാന പങ്ക് വഹിച്ചതായി നമുക്കെല്ലാവര്‍ക്കും അറിയാം. പറഞ്ഞറിയിക്കാനാവാത്ത ക്രൂരത അഫ്ഗാന്‍ ജനതയ്ക്ക് മേല്‍ കാണിക്കാന്‍ പോകുന്ന ഈ സംഘത്തിന്റെ വിജയം പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ആഘോഷിക്കുന്നത് വെറുപ്പുളവാക്കുന്നതാണ്,” ചാബോട്ട് പറഞ്ഞു.

താലിബാന്‍ ഭരണത്തില്‍ വീര്‍പ്പുമുട്ടുന്ന അഫ്ഗാനിലെ മതന്യൂനപക്ഷങ്ങളെ സ്വാഗതം ചെയ്തതിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായി ഇന്ത്യ കോക്കസിന്റെ സഹ അദ്ധ്യക്ഷനായ സ്റ്റീവ് ചബോട്ട് പറഞ്ഞു. ഞായറാഴ്ച നടത്തിയ പ്രസംഗത്തിലാണ് സ്റ്റീവ് ചബോട്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ പറയുന്നു.

ഓഗസ്റ്റ് 15 നാണ് താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചത്. അപകടം മനസിലാക്കിയ പ്രസിഡന്റ് അഷ്‌റഫ് ഗനി ഉടന്‍ രാജ്യം വിട്ടു. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനില്‍ നിന്നും പലായനം ചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തുന്നത്. ഇന്ത്യയും യുഎസും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി മരണങ്ങള്‍ക്കും കാരണമായി.