കാബൂൾ വിമാനത്താവളത്തിലെ തിരക്കില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു; കാബൂളിലെ വ്യോമപാതകൾ അടച്ചു; അഫ്ഗാനിലേക്കുള്ള എയർ ഇന്ത്യ വിമാനയാത്ര അനിശ്ചിതത്വത്തിൽ

കാബൂൾ: വിമാനത്താവളത്തിലെ തിരക്കില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചതോടെ വ്യോമപാത അടച്ചു. ഇതെത്തുടർന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് അഫ്ഗാനിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായി. താലിബാൻ അഫ്ഗാന്റെ അധികാരം കൈയടക്കിയ സാഹചര്യത്തിലാണ് കാബൂളിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെയും പ്രതിനിധികളെയും രക്ഷപ്പെടുത്താൻ എയർ ഇന്ത്യ വിമാനം ചാർട്ട് ചെയ്തത്. എന്നാൽ പറയുന്നുയരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.

താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനക്കൂട്ടം ഇരച്ചെത്തുന്നതിനിടെയാണ് അഞ്ചുപേർ മരിച്ചത്. അഫ്ഗാന്‍ പൗരന്മാര്‍ മരിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് കയറ്റുന്നത് കണ്ടതായി ദൃക്‌സാക്ഷികളും പറയുന്നു.

ജനക്കൂട്ടം അനിയന്ത്രിതമായതിനെ തുടര്‍ന്ന് യു എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. ജനക്കൂട്ടത്തിന് നേര്‍ക്കും വെടിയുതിര്‍ത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തിരക്കില്‍ പെട്ടാണോ, വെടിയേറ്റാണോ അഞ്ചുപേര്‍ കൊല്ലപ്പെട്ട കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ജനത്തിരക്ക് അനിയന്ത്രിതമായതോടെ, കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചതായി കാബൂള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സാധാരണക്കാരെ ദ്രോഹിക്കില്ലെന്നും, അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ പ്രഖ്യാപിക്കുമ്പോഴും രാജ്യത്ത് കൂട്ടപ്പലായനമാണ് നടക്കുന്നത്. ഏതുവിധേനയും രാജ്യത്തിന് പുറത്തുകടക്കാനാണ് ജനം ആഗ്രഹിക്കുന്നത്.

അതേസമയം അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയർ ഇന്ത്യ വിമാനം ഡെൽഹിയിൽ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കാനായിരുന്നു പദ്ധതി. രാത്രി 8.30 ന് പുറപ്പെടാനിരുന്ന വിമാനം അടിയന്തര സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കിയതായിരുന്നു. തുടർന്നാണ് ഉച്ചക്ക് 12.30ന് വിമാനം ചാർട്ട് ചെയ്തത്. എന്നാൽ വ്യോമപാത അടച്ചതിനെത്തുടർന്ന് കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കി. ഈ അവസ്ഥയിൽ ഇതേ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതും അതിനാൽ തന്നെ നടക്കില്ല. ഇതാണ് എയർ ഇന്ത്യയുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയത്.

അടിയന്തര യാത്രക്കായി വിമാനങ്ങൾ പറത്താൻ തയ്യാറായിരിക്കണമെന്ന് എയർ ഇന്ത്യക്ക് നേരത്തെ സർക്കാർ നിർദേശം നൽകിയിരുന്നു. രണ്ട് വിമാനങ്ങൾക്കാണ് തയ്യാറായിരിക്കാൻ ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്. കണക്ക് പ്രകാരം 1500ഓളം ഇന്ത്യാക്കാരാണ് അഫ്ഗാനിലുള്ളത്.

അടിയന്തര സാഹചര്യത്തിൽ ആവശ്യമായി വന്നാൽ വ്യോമസേനയുടെ സി -17 വിമാനവും ഇന്ത്യക്കാരെ അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനായി ക്രമീകരിച്ചിരുന്നു. അഫ്ഗാനിലുള്ള ഇന്ത്യൻ പൗരൻമാരുടെയും പ്രതിനിധികളുടെയും ജീവൻ അപകടത്തിലാക്കാൻ താലിബാന് അവസരം കൊടുക്കില്ലെന്നും അതിനായി ഇന്ത്യൻ വിമാനങ്ങൾ തയ്യാറാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

‘അഫ്ഗാനിസ്ഥാനിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാബൂളിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കാതെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.