കാബൂളിലെങ്ങും ഭീതി; വിമാനത്താവളത്തിൽ വൻ ജനക്കൂട്ടം; ബസില്‍ ഇടിച്ചു കയറുന്നതുപോലെ വിമാനത്തില്‍ കയറാന്‍ ശ്രമം

കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ കരസ്ഥമാക്കിയതോടെ രാജ്യത്തും പ്രത്യേകിച്ച് കാബൂളിലും ഭീതി നിറയുന്നു. ഏതുവിധേനയും രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജനക്കൂട്ടം ഇരച്ചെത്തിയതോടെ യുഎസ് സൈന്യം വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

വിമാനത്താവളത്തിലെത്തിയ ജനക്കൂട്ടം ബസില്‍ ഇടിച്ചു കയറുന്നതുപോലെയാണ് വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നഗരം വിടണമെന്നുള്ളവര്‍ക്ക് പോകാമെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.

കാബൂള്‍ എംബസിയിലെ എല്ലാവരെയും അമേരിക്ക ഒഴിപ്പിച്ചു. ഇവരെ ഹെലികോപ്ടറില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആറായിരം അമേരിക്കന്‍ സൈനികരെ വിന്യസിച്ചു. എയര്‍പോര്‍ട്ടില്‍ തിരക്ക് വര്‍ധിച്ചതോടെ യു എസ് സേന ആകാശത്തേക്ക് വെടിവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, യുദ്ധം അവസാനിച്ചതായി താലിബാന്‍ പ്രഖ്യാപിച്ചു. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും താലിബാന്‍ വക്താവ് സൂചിപ്പിച്ചു. അഫ്ഗാന്‍ ജനങ്ങള്‍ക്കും, മുജാഹിദുകള്‍ക്കും നല്ല ദിവസമാണെന്നും 20 വര്‍ഷത്തെ പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് വിജയമെന്നും താലിബാന്‍ വക്താവ് മുഹമ്മദ് നയീം പറഞ്ഞു.