ബെയ്ജിങ്: കൊറോണ ഉദ്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന തള്ളി. ലോകവ്യാപകമായി 40 ലക്ഷം ആളുകളുടെ ജീവനെടുക്കുകയും സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ല് തകര്‍ക്കുകയും ചെയ്ത മഹാമാരിയുടെ പ്രഭവസ്ഥാനം ചൈനയിലെ വൈറോളജി ലാബ് ആണ് എന്ന സംശയത്തിൻ്റെ നിജസ്ഥിതി ഒന്നുകൂടി ഉറപ്പിക്കാനാണ് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ ശ്രമം.
ചൈനയിലെ വൂഹാനിലാണ് കൊറോണ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ലോകാരോഗ്യസംഘടന സംഘം വൂഹാനിലെത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും വൈറസിൻ്റെ ഉറവിടത്തെ കുറിച്ച് നിഗമനത്തിലെത്താന്‍ സാധിച്ചിരുന്നില്ല. കാര്യമായ തെളിവുകൾ ശേഖരിക്കാനായില്ല.
ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളെ കുറിച്ചുള്ള രേഖകള്‍ പങ്കുവയ്ക്കണമെന്നാണ് ഇപ്പോള്‍ സംഘടനയുടെ ആവശ്യം. എന്നാല്‍ പ്രാഥമിക അന്വേഷണം തന്നെ അധികമാണെന്നും കൂടുതല്‍ വിവരശേഖരണത്തിന് അനുവദിക്കില്ലെന്നുമാണ് ചൈന മറുപടി നല്‍കിയത്.
കൊറോണ ലോകാരോഗ്യ സംഘടനയുള്‍പ്പെടെ രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. എന്നാൽ ചൈനയ്ക്കെതിരേ നിരവധി തെളിവുകളാണ് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്.