അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ഉടന്‍ താലിബാന്‍ പിടിച്ചെടുക്കുമെന്ന് അമേരിക്കൻ ഇന്റലിജന്‍സ്

വാഷിംഗ്ടണ്‍: വൈകാതെ തന്നെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്റെ അധീനതയിലാകുമെന്ന് അമേരിക്കൻ ഇന്റലിജന്‍സ്. അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെ രാജ്യത്തുടനീളം കൂടുതല്‍ മുന്നേറ്റം നടത്തി വരുന്ന താലിബാന്‍ 30 ദിവസത്തിനുള്ളില്‍ കാബൂള്‍ ഒറ്റപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. 90 ദിവസത്തിനുള്ളില്‍ കാബൂള്‍ പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാകുമെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

നിലവില്‍ അഫ്ഗാനിസ്ഥാന്റെ 65 ശതമാനം താലിബാന്റെ അധീനതയിലാണ് ഉള്ളത്. ഇതിന് പുറമെ, 11 പ്രവിശ്യാ തലസ്ഥാനങ്ങള്‍ പിടിച്ചെടുക്കുമെന്ന് താലിബാന്‍ ഭീഷണി മുഴക്കിയതായും യൂറോപ്യന്‍ യൂണിയനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. താലിബാന്റെ മുന്നേറ്റം വളരെ വേഗം നീങ്ങുന്ന ഘട്ടത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ബുധനാഴ്ച വടക്കുകിഴക്കന്‍ പ്രവശ്യയായ ബദാക്ഷന്‍ പ്രവശ്യ തലസ്ഥാനങ്ങള്‍കൂടി പിടിച്ചെടെത്തതോടെ താലിബാന്‍ ഒരാഴ്ചയില്‍ പിടിച്ചെടുത്ത പ്രവശ്യയടെ എണ്ണം ഒമ്പതായി. കാബുളിന് വടക്കുള്ള ബഗ്രാം വ്യോമതാവളത്തിലേക്ക് ബുധനാഴ്ച താലിബാന്‍ റോക്കറ്റ് ആക്രമണം നടത്തി. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനോടാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നേരത്തെ ആറ് മാസങ്ങള്‍ക്കൊണ്ട് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുക്കുമെന്നായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, അഫ്ഗാനില്‍ താലിബാന്റെ പുതിയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് മാസങ്ങള്‍ക്കകം രാജ്യം പിടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്.

താലിബാന്‍ കുണ്ടുസ് വിമാനത്താവളവും പിടിച്ചെടുത്തുകഴിഞ്ഞു. ഇവിടെ നൂറുകണക്കിന് സൈനികര്‍ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 1996 മുതല്‍ 2001 വരെ രാജ്യം താലിബാന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും വടക്കന്‍ മേഖലയെ വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചതില്‍ ഖേദമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. തീരുമാനത്തില്‍ മാറ്റമില്ല. അഫ്ഗാന്‍ നേതാക്കള്‍ ഒറ്റക്കെട്ടായി രാജ്യത്തിനായി പോരാടണമെന്നും അദ്ദേഹം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.