കാബൂള്‍: അഫ്ഗാനിസ്ഥാന്റെ കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന് അധീനതയിലാകുന്നതിനിടെ ഇന്ത്യ അഫ്ഗാനിസ്ഥാന് കൈമാറിയ സൈനിക ഹെലികോപ്റ്ററും താലിബാന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. എംഐ 24 യുദ്ധ ഹെലികോപ്റ്റര്‍ കൈക്കലാക്കിയതായി താലിബാന് തന്നെയാണ് വ്യക്തമാക്കിയത്.
ഹെലികോപ്റ്ററിന് സമീപം നില്കുന്ന ഭീകരരുടെ ചിത്രങ്ങളും താലിബാന് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ പുറത്തു വന്നിട്ടുള്ള ചിത്രങ്ങളില്‍ ഹെലികോപ്റ്ററിന് പറക്കാന്‍ ആവശ്യമായ ബ്ലേഡുകള് കാണാനില്ല. താലിബാന് ഹെലികോപ്റ്റര്‍ കടത്തിക്കൊണ്ടു പോകുന്നത് ഒഴിവാക്കാനായി അഫ്ഗാന് സൈന്യം ഹെലികോപ്റ്ററിന്റെ ബ്ലേഡുകള് നേരത്തെ തന്നെ നീക്കം ചെയ്തിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യ 2019ലായിരുന്നു അഫ്ഗാന് വ്യോമസേനയ്ക്ക് മൂന്ന് ചീറ്റ ഹെലികോപ്റ്ററുകള്‍ സമ്മാനമായി നല്‍കിയത്. 2015ല്‍ നല്കിയ നാല് ഹെലികോപ്റ്ററുകള്‍ക്ക് പ്രത്യുപകാരമെന്ന നിലയിലായിരുന്നു ഇന്ത്യയുടെ ഉപഹാരം. നിലവില്‍ അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന് നിയന്ത്രണത്തിലായിട്ടുണ്ട്.
വരുന്ന മൂന്ന് മാസത്തിനുള്ളില്‍ കാബൂള്‍ താലിബാന് പിടിച്ചടക്കുമെന്നാണ് യുഎസ് ഇന്റലിജന്‍സും വിലയിരുത്തുന്നത്. അതേസമയം രാജ്യത്തെ നാലിനൊന്ന് പ്രവിശ്യാ തലസ്ഥാനങ്ങളും താലിബാന് കൈയ്യടക്കിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ നിയന്ത്രണം കൈവിട്ടു പോകാതിരിക്കാന്‍ കഠിനപ്രയത്നത്തിലാണ് അഫ്ഗാന് സര്‍ക്കാര്‍.
ഇതിനിടയിലാണ് ഹെലികോപ്റ്റര്‍ പിടിച്ചെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വ്യാഴാഴ്ച അഫ്ഗാന്റെ തെക്കന്‍ മേഖലയില്‍ താലിബാന് പോലീസ് ആസ്ഥാനം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വരും ദിവസങ്ങൾ അഫ്ഗാന് നിർണായകമാണ്. അതുകൊണ്ട് പിടിച്ചുനിൽപ്പിനായുള്ള നീക്കത്തിലാണ് രാജ്യം.