കാട്ടുതീ പടർന്നു പിടിക്കുന്നു; ഏതൻസില്‍ നൂറുകണക്കിന് വീടുകള്‍ കത്തി നശിച്ചു; ആയിരങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഏതന്‍സ്: കാട്ടുതീ പടര്‍ന്നുപിടിച്ച്‌ ഗ്രീസില്‍ നൂറുകണക്കിന് വീടുകള്‍ കത്തി നശിച്ചു. ആയിരക്കണക്കിന് ആളുകളെ അഗ്നിശമന സേന പ്രദേശത്തു നിന്നും മാറ്റിപാര്‍പ്പിച്ചു.
ഗ്രീസിന്‍റെ തലസ്ഥനമായ ഏതന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏതന്‍സില്‍ ശക്തമായ കാറ്റും ചൂടും ഉള്ളതിനാല്‍ കാട്ടു തീ പിടിച്ചു നിര്‍ത്താനായിട്ടില്ല. ജനവാസ കേന്ദ്രങ്ങളെ കാട്ടുതീ കൂടുതല്‍ ബാധിക്കാതിരിക്കാനായി അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 15000 ല്‍ ഏറെ അഗ്നിശമന സേനാംഗങ്ങള്‍ 15 ഓളം വിമാനങ്ങളുടെ സഹായത്തോടെയാണ് കാട്ടുതീയെ നേരിടുന്നത്.

യുകെ, ഫ്രാന്‍സ്, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അധിക അഗ്‌നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് അയച്ചിട്ടുണ്ട്. കാട്ടുതീ അണയ്ക്കുന്നതിന് അയല്‍ രാജ്യങ്ങളുടെ സഹായം ലഭിച്ചതായി അഗ്നിശമന സേന അറിയിച്ചു. ഏഥന്‍സിന്റെ വടക്കുഭാഗത്തുള്ള പെഫ്കോഫൈറ്റോയില്‍ വലിയ തോതിലുള്ള തീപിടുത്തമാണ് ഉണ്ടായത്.

രാജ്യത്തെ വിവിധയിടങ്ങളില്‍ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ആറ് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തിയില്‍ നിന്നും തുര്‍ക്കിയിലേക്ക് തീ പടരുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും പ്രദേശത്ത് നത്ത മഴ പെയ്തതോടെ കാട്ടു തീ വ്യാപിക്കുന്നത് തടയാനായി.