കൊറോണക്കെതിരേ മിശ്രിത വാക്‌സിന്‍ സുരക്ഷിതം; ഒരു വാക്‌സിന്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുമെന്ന് ഐസിഎംആര്‍

ന്യൂഡെല്‍ഹി: കൊറോണ പ്രതിരോധ വാക്‌സിനുകളായ കോവാക്‌സിന്‍-കോവിഷീല്‍ഡ് മിശ്രിതം സുരക്ഷിതമെന്ന് പഠനം. ഇരുവാക്‌സിനുകളുടേയും മിശ്രിത രൂപത്തെ പറ്റിയുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ ആദ്യ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. ഒരേ വാക്‌സിന്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഇത് സുരക്ഷിതമാണെന്നും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

ഒരേ വാക്സിന്റെ തന്നെ രണ്ടുഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ ഇപ്പോള്‍ പിന്തുടരുന്നത്. എന്നാല്‍ വാക്സിന്‍ യജ്ഞത്തിനിടെ ഉത്തര്‍പ്രദേശില്‍ 18 പേര്‍ക്ക് അബദ്ധത്തില്‍ രണ്ട് വാക്‌സിനുകളുടെയും ഓരോ ഡോസുകള്‍ വീതം നല്‍കി. ഇതേ തുടര്‍ന്നാണ് പഠനം നടത്തിയത്.

കഴിഞ്ഞ മാസം ഡിസിജിഐയുടെ വിദഗ്ധ പാനലാണ് വാക്‌സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാര്‍ശ ചെയ്തത്. ഒരു വ്യക്തിക്ക് രണ്ട് വാക്‌സിനുകളുടെയും ഓരോ ഡോസ് വീതം നല്‍കാന്‍ കഴിയുമോ എന്ന് തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് പഠനം നടത്തിയതെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനിലെ വിദഗ്ധ സമിതി പറഞ്ഞിരുന്നു.

പഠനത്തില്‍ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ രണ്ട് വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് കൊറോണ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാസമാണ് ഡിസിജിഐ വിദഗ്ധ പാനൽ വാക്സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ ചെയ്യുന്നത്. ഇത്തരം പരീക്ഷണം നടത്തുന്നതിനായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് അനുമതി തേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ശുപാർശ.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നത് വരെ രണ്ട് വാക്‌സിനുകള്‍ മാറി സ്വീകരിക്കാന്‍ തയ്യാറാകരുതെന്നും നിര്‍ദേശമുണ്ട്. ഇന്നലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്നിക്, അമേരിക്കയില്‍ വികസിപ്പിച്ച മൊഡേണ എന്നിവയാണ് ഇതിനു മുന്‍പ് ഇന്ത്യയില്‍ അനുമതി ലഭിച്ച മറ്റു വാക്‌സിനുകള്‍.