പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിച്ച് ഫ്രാന്‍സ്; സര്‍ക്കാര്‍ തലത്തില്‍ സ്ഥിരീകരണം വരുന്നത് ഇതാദ്യം

പാരീസ്: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഫ്രാന്‍സിന്റ സ്ഥിരീകരണം. രാജ്യത്തെ പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് ഫ്രാന്‍സിലെ സൈബര്‍ സെക്യൂരിറ്റി വിഭാഗമായ എഎന്‍എസ്എസ്‌ഐ ആണ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഒരു രാജ്യത്തെ സര്‍ക്കാര്‍ ഏജന്‍സി തന്നെ സ്ഥിരീകരിക്കുന്നത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മു്ന്നില്‍ നിന്ന മീഡിയപാര്‍ട്ട് എന്ന സ്ഥാപനത്തിലെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തിയതായിയാണ് എഎന്‍എസ്എസ്‌ഐ സ്ഥിരീകരണം. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബിന്റെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് ഇതെന്ന് മീഡിയപാര്‍ട്ടും പറയുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അടക്കമുള്ള ലോകനേതാക്കളുടെ ഫോണും പെഗാസസ് ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യ ഉള്‍പ്പെടെ നിരവധി ലോകരാജ്യങ്ങളിലെ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി ആണ് ആരോപണം. ഇത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മീഡിയപാര്‍ട്ട് അടക്കമുള്ള 17 മാധ്യമസ്ഥാപനങ്ങളാണ് വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഇന്ത്യയില്‍ നിന്നുള്ള ദ വയര്‍ മാധ്യമവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായിരിക്കെയാണ് ഫോണ്‍ ചോര്‍ത്തലില്‍ ഫ്രാന്‍സിന്റെ സ്ഥിരീകരണം പുറത്തുവരുന്നത്. എന്നാല്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അവാസ്തവമാണെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

ഫോണ്‍ ചോര്‍ത്തലിനു പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വിഷയത്തില്‍ നേരിട്ട് പ്രതികരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ വികസിപ്പിച്ച പെഗാസസ് പ്ലാറ്റ്‌ഫോം സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മാത്രമേ വില്‍ക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇക്കാര്യം കമ്പനിയും സ്ഥിരീകരിക്കുന്നുണ്ട്. ഫോണില്‍ ഒളിഞ്ഞിരിക്കുന്ന സോഫ്റ്റ്വെയര്‍ ഫോണ്‍ കോള്‍ വിവരങ്ങളും മെസ്സേജുകളും വാട്‌സാപ്പ് സന്ദേശങ്ങളും ചോര്‍ത്തിയിരുന്നുവെന്നാണ് ആരോപണം. കൂടാതെ ഫോണുടമ അറിയാതെ ഫോണിന്റെ മൈക്രോഫോണ്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.