ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ഓസ്ട്രേലിയയിൽ കൊറോണ വ്യാപനം രൂക്ഷം

സിഡ്നി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോളും ഓസ്ട്രേലിയയിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു. നാല് ആഴ്ചയായി ലോക്ക്ഡൗൺ തുടരുന്ന ന്യൂ സൗത്ത് വെയിൽസിൽ 110 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരമായ സിഡ്നി ഉൾപ്പെടുന്ന വെയിൽസിൽ ഡെൽറ്റാ വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

വിക്ടോറിയയിൽ 22 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരുപക്ഷേ ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ കേസുകൾ ഇതിലും ഉയർന്നേക്കാമെന്ന് ന്യൂ സൗത്ത് വെയിൽസ് ഭരണാധികാരി ഗ്ലാഡിസ് ബെരെജിക്ലിയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മഹാമാരി ഒന്നര വർഷം പിന്നിടുമ്പോൾ ഇതുവരെ രാജ്യത്തെ 11 ശതമാനം ആളുകൾക്കാണ് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുളളത്. ആസ്ട്രസെനക്കാ വികസിപ്പിച്ച വാക്സിൻ 60 വയസിന് മുകളിലുള്ളവർക്കും ഫൈസറിന്റെ വാക്സിൻ 40 വയസിന് മുകളിലുള്ളവർക്കുമാണ് വിതരണം ചെയ്യുന്നത്.

രാജ്യത്ത് നിലവിൽ ഫൈസർ വാക്സിൻ പ്രതിസന്ധി രൂക്ഷമാണെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യമന്ത്രി ബ്രാഡ് ഹാസർഡ് പത്രസമ്മേളനത്തിൽ പറഞ്ഞു. അതേസമയം മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൊറോണയെ ഏറ്റവും നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞ രാജ്യമാണ് ഓസ്ട്രേലിയ. ഇതുവരെ 32,100 കേസുകളും 915 മരണങ്ങളുമാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.