ബലിപെരുന്നാള്‍ ആഘോഷത്തിനിടെ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം; മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബെലിപരുന്നാള്‍ അവധി ദിനാഘോഷങ്ങള്‍ക്കിടെ ഇറാഖിലെ മാര്‍ക്കറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം. തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ബോംബാക്രമണത്തില്‍ മുപ്പതോളം പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ബാഗ്ദാദിലെ സദര്‍ സിറ്റിയില്‍ തിങ്കളാഴ്ച രാത്രിയാണ് ചാവേര്‍ ആക്രമണമുണ്ടായത്.

ചാവേര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. അബു ഹംസ അല്‍ ഇറാഖി എന്ന ചാവേറാണ് പൊട്ടിത്തെറിച്ചതെന്നും ഐഎസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. അടുത്ത കാലത്തായി ബാഗ്ദാദില്‍ നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളില്‍ ഒന്നാണ് ഇന്നലെ സദര്‍ സിറ്റി മാര്‍ക്കറ്റിലുണ്ടായത്.

പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷണം വാങ്ങാന്‍ കടകളിലെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. പ്രാദേശികമായി നിര്‍മ്മിച്ച ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.