തിരുവനന്തപുരം: എല്ലാ ഗര്‍ഭിണികളും കൊറോണ വാക്സിന് എടുക്കണമെന്ന് ആരോഗ്യവകുപ്പ്. കൊറോണ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാൽ പലതരം പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വാക്സിന് നല്കാന് തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്സിന് നല്കാന് ‘മാതൃകവചം’ കാമ്പ്യയിന് ആരംഭിച്ചു.
35 വയസ്സിന് മുകളിലുള്ളവര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയുള്ളവര്‍ എന്നിവരില്‍ രോഗം ഗുരുതരമായേക്കാം. ഇത് ഗര്‍ഭസ്ഥ ശിശുവിൻ്റെ ആരോഗ്യത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഗര്‍ഭാവസ്ഥയുടെ ഏത് കാലയളവിലും വാക്സിന് സ്വീകരിക്കാം. കഴിയുന്നതും നേരത്തേ വാക്സിന് സ്വീകരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏത് കാലയളവിലും വാക്സിന് നല്കാന് കേന്ദ്രം നേരത്തേ അനുമതി നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ 39,822 ഗര്‍ഭിണികളാണ് വാക്സിനെടുത്തത്.
സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്റ്റുകളുടെ യോഗം ചേര്‍ന്ന് ഗര്‍ഭിണികള്‍ക്ക് അവബോധം നല്കാന് തീരുമാനമെടുത്തു. എല്ലാ ഡോക്ടര്‍മാരും ഗൈനക്കോളജിസ്റ്റുമാരും ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് അവബോധം നല്‍കണം.