യുഎഇ യാത്രാ വിലക്ക് ഈ മാസം അവസാനത്തോടെ നീങ്ങിയേക്കും; നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നും ദുബൈലേയ്ക്കുള്ള യാത്രാ വിലക്ക് ഉടൻ നീങ്ങിയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച്‌ ഇന്ത്യ- യുഎഇ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ വിലക്ക് നീങ്ങിയേക്കുമെന്നാണ് സൂചനകൾ. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിയാണ് ഇക്കാര്യത്തിൽ നടപടികൾ മുന്നോട്ടു നീങ്ങുകയാണെന്ന് വ്യക്തമാക്കിയത്.

യുഎഇയിൽ താമസവിസയുള്ളവരും എന്നാൽ ഇന്ത്യയിൽ കുടുങ്ങിയിട്ടുള്ളവർക്കുമാണ് പ്രധാന പരിഗണന നൽകുന്നത്. ഇവരുടെ കാര്യത്തിലാണ് അടിയന്തിര നടപടി ഉണ്ടാവേണ്ടതെന്നാണ് സർക്കാരും കരുതുന്നത്. കാരണം ജോലിയിൽ പ്രവേശിക്കേണ്ട സമയം കഴിഞ്ഞ നിരവധി പേരുടെ പരാതികളാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്.

ഇനിയും യാത്ര വൈകിയാൽ വിസാ കാലാവധി അവസാനിക്കുന്നവരും നിരവധിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെയല്ലാതെ ഇവർ ജോലി ചെയ്യുന്ന കമ്പനികൾക്കു പോലും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്നവർക്ക് ആശ്വാസം പകരുന്നതാണ് വിലക്ക് ഉടൻ നീങ്ങിയേക്കുമെന്ന വാർത്തകൾ.

ഒക്ടോബർ ഒന്നിനാണ് ദുബായ് എക്‌സ്‌പോ തുടങ്ങുന്നത്. ഇതിനു മുൻപ് യാത്രാവിലക്ക് നീങ്ങിയേക്കും. എന്നാൽ ഇതിന് ഇനിയും രണ്ടരമാസത്തോളമുണ്ട്. ഇതിനാലാണ് അടിയന്തിര ചർച്ചകൾ നടത്തി ഈ മാസം അവസാനം തന്നെ വിലക്ക് നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.