ബെര്‍ലിന്‍: ജര്‍മനിയുടെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായത് നിരവധി പേരെ. ഒരു ജില്ലയില്‍ മാത്രം ആയിരത്തിലേറെ പേരെ കാണാനില്ലെന്ന് ജര്‍മന്‍ ചാന്സ്ലര് അംഗല മെര്‍ക്കല്‍ പറഞ്ഞു. പശ്ചിമ ജര്‍മനിയിലെ ആര്‍വീലറിലാണ് 1,300 ഓളം പേരെ കാണാതായത്.
ഇവിടെ ബാദ് ന്യൂനര്‍ ആര്‍വീലര്‍ പട്ടണത്തെ സമ്പൂര്‍ണമായി പ്രളയമെടുക്കുകയായിരുന്നു. അപ്രതീക്ഷിത പ്രളയപ്പാച്ചിലില്‍ വീടുകള്‍ ഒലിച്ചുപോയതാണ് ദുരന്തം ഇരട്ടിയാക്കിയത്. നിരവധി കാറുകളും ഒലിച്ചുപോയി.
അടിയന്തര സേവന വിഭാഗത്തിലെ 1,000ത്തിലേറെ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുടര്‍ച്ചയായി പെയ്ത കനത്ത മഴക്കു പിറകെയാണ് പ്രളയവും കുത്തൊഴുക്കും പട്ടണത്തെ തകര്‍ത്തുകളഞ്ഞത്.
നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് 30ഉം അയല്‍പക്കത്തെ റൈന്‍ലാന്‍ഡ് പാലറ്റിനേറ്റില്‍ 28ഉം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ശാരീരിക വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഒൻമ്പതു താമസക്കാര്‍ മരിച്ചവരില്‍ പെടും. ഭീതി തുടരുന്നതിനാല്‍ പടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കി.
അയല്‍രാജ്യമായ ബെല്‍ജിയത്ത് 11 പേരും മരിച്ചിട്ടുണ്ട്. മേഖലയിലുടനീളം വെള്ളിയാഴ്ചയും ശക്തമായ മഴ പ്രവചനമുണ്ട്. ബ്രസല്‍സ്, ആന്റ്വെര്‍പ് നഗരങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ പട്ടണമായ ലീഗെയില്‍ ആയിരങ്ങളെ അടിയന്തരമായി കുടിയൊഴിപ്പിച്ചു. നഗരത്തിലൂടെ ഒഴുകുന്ന മ്യൂസ് നദി കരകവിഞ്ഞൊഴുകുകയാണ്. ഇവിടെ ഇനിയും ജലനിരപ്പ് ഉയരുമെന്നാണ് ആശങ്ക.