വീടിന് പുറത്തിറങ്ങാത്തവർക്കും ഡെൽറ്റാ വകഭേദം; മലേഷ്യയിലും കൊറോണ ഭീതി വർധിക്കുന്നു

ക്വാലലമ്പൂർ: കൊറോണ രണ്ടാം തരംഗത്തിൽ കണ്ടെത്തിയ അപകടകരമായ ഡെൽറ്റാ വകഭേദം ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലും സൃഷ്‌ടിച്ചിരിക്കുന്നത് വലിയ ആരോഗ്യ അടിയന്തരാവസ്ഥയാണ്. മലേഷ്യയുടെ തലസ്ഥാനമായ ക്വാല‌ലമ്പൂരിൽ ഏപ്രിൽ മാസത്തിന് ശേഷം വീട് വിട്ട് വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാത്തവർക്കും കൊറോണ ഡെൽറ്റാ വകഭേദം ബാധിച്ചിരിക്കുകയാണ്.

ഇതിലൊരു കേസാണ് നോറിയയ്‌ക്കും ഭർത്താവിനും രണ്ട് കുട്ടികൾക്കും കൊറോണ ഡെൽറ്റാ വകഭേദം ബാധിച്ചത്. വീട്ടിലേക്ക് ആവശ്യമായ ആഹാരം വാങ്ങാനും കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാനും മാത്രമാണ് ഇവ‌ർ പുറത്തിറങ്ങിയത്. അതും ദിവസങ്ങൾക്ക് മുൻപ്. എന്നിട്ടും രോഗം ബാധിച്ചത് പലരെയും അമ്പരപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു. പരമാവധി വീട്ടാവശ്യത്തിനുള‌ള സാധനങ്ങൾ ഓൺലൈൻ വഴിയാണ് വാങ്ങാറെന്നും നോറിയ പറയുന്നു.

ഇന്തോനേഷ്യയിലേത് പോലെ മലേഷ്യയിലും കൊറോണ പ്രതിദിനം കൂടിവരികയാണ്. ആരോഗ്യ പ്രവ‌ത്തക‌ർക്ക് കൂടി രോഗം ബാധിക്കുന്നതോടെ രോഗബാധിതരുടെ ചികിത്സ തന്നെ പ്രതിരോധത്തിലാകുന്നു. ചൊവ്വാഴ്‌ച രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി 10000 പ്രതിദിന കേസുകൾ കടന്നു. 11,079 കേസുകളായിരുന്നു അന്ന് റിപ്പോർട്ട് ചെയ്‌തത്. ബുധനാഴ്‌ച അത് 11,618 ആയി കൂടി.

വരുന്ന ആഴ്‌ചകളിൽ രോഗവ്യാപന നിരക്ക് കൂടുമെന്നാണ് മലേഷ്യൻ ആരോഗ്യ വിഭാഗം അദ്ധ്യക്ഷൻ നൂർ ഹിഷാം അബ്‌ദുള‌ള നൽകുന്ന സൂചന. രാജ്യത്ത് മിക്കയിടത്തും ഡെൽറ്റാ വകഭേദമാണ് സ്ഥിരീകരിച്ചത്. വുഹാനിൽ ആദ്യം സ്ഥിരീകരിച്ച കൊറോണ രോഗം ഒരാളിൽ നിന്ന് 2.2 പേ‌ർക്കായിരുന്നു പിടിപെട്ടിരുന്നത്. എന്നാൽ ഡെൽറ്റാ വകഭേദം അഞ്ച് മുതൽ എട്ടുപേർക്കാണ് ബാധിക്കുന്നത്. ഇതുവരെ കൊറോണ വകഭേദം വന്ന 273 കേസുകളാണ് മലേഷ്യ റെക്കോർഡ് ചെയ്‌തത്. ഇവയിൽ 67ഉം ഡെൽറ്റാ വകഭേദമാണ്.

മലേഷ്യയിൽ കൊറോണ പരിശോധനയും 30 ശതമാനം വർദ്ധിച്ചു. ഒരാഴ്‌ച കൊണ്ട് 8,25,373 ടെസ്‌റ്റുകളാണ് ആകെ നടത്തിയത്. പരിശോധനകൾ കൂട്ടുന്നതുകൊണ്ടാണ് രാജ്യത്ത് കേസുകൾ വർദ്ധിക്കുന്നതെന്ന് മലേഷ്യ സയിൻസ് സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ കമറുൽ ഇമ്രാൻ മൂസ പറഞ്ഞു. ചിലയിടങ്ങളിൽ ഒരാഴ്‌ചയിലേറെയായി ടിപിആർ 10 ന് മുകളിലാണ്. രോഗവ്യാപനം നിയന്ത്രിക്കാൻ വാക്‌സിനേഷൻ മാത്രമാണ് പ്രതിവിധി.

ഫൈസർ- ആസ്‌ട്ര സെനെക്ക വാക്‌സിനുകളാണ് രാജ്യത്ത് നൽകുന്നത്. പലയിടത്തും 50ശതമാനത്തോളം പേ‌ർക്ക് ഒന്നാംഡോസ് വാക്‌സിൻ ലഭിച്ചു. എന്നാൽ രണ്ടാം ഡോസ് നൽകിയത് കുറവാണ്. ആസ്‌ട്ര സെനെക്ക വാക്‌സിന് ഒന്നാം ഡോസിന് ശേഷം ഒൻപതാഴ്‌ച കഴിഞ്ഞാണ് അടുത്ത ഡോസ് എടുക്കുന്നത്. ഇത് നാലാഴ്‌ചയായി ചുരുക്കണമെന്നാണ് രാജ്യത്തെ ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.