മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ കലാപം; 72 പേര്‍ കൊല്ലപ്പെട്ടു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലില്‍ അടച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതു വരെ 72 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴത്തെ പ്രസിഡന്റ് സിറില്‍ റംഫോസ നഗരത്തിലെ സമാധാന അന്തരീക്ഷം തിരികെ കൊണ്ട് വരാന്‍ പട്ടാള ട്രൂപ്പുകളെ വിന്യസിപ്പിച്ചുവെങ്കിലും ഫലം കണ്ടില്ല.

കലാപങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും തുടര്‍ച്ചയായ അഞ്ചാം ദിവസവും ദക്ഷിണാഫ്രിക്കയിലെ കടകളും വെയര്‍ഹൗസുകളും കൊള്ളയടിക്കപ്പെടുകയും ചെയ്തു. സാമ്പത്തിക തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലും തെക്കുകിഴക്കന്‍ പ്രവിശ്യയായ ക്വാസുലു-നടാലിലും തുടര്‍ച്ചയായി കൊള്ള നടന്നു.

കൊള്ളയുടെ സമയത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഏറെ പേര്‍ മരിച്ചത്. സ്‌ഫോടനത്തിലും വെടിവയ്പിലും ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തെയും കൊള്ളയെയും തുടര്‍ന്ന് ഇതുവരെ 1234 പേര്‍ അറസ്‌റിലായി. എന്നാല്‍ കലാപങ്ങള്‍ക്കും കൊള്ളയ്ക്കും കാരണം തീവ്രവാദികളാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

സ്ഥിതി നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിലേക്ക് എത്തിയപ്പോളാണ് പൊലീസിന് പുറമെ 2500 പട്ടാളക്കാരെ കൂടി പ്രദേശത്ത് വിന്യസിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ നിയന്ത്രിക്കാന്‍ വിന്യസിപ്പിച്ച 70000 പട്ടാളട്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കലാപം നിയന്ത്രിക്കാന്‍ വിന്യസിച്ചത് വളരെ കുറവ് മാത്രം പട്ടാളക്കാരെയാണ്. ഇതും വിമര്‍നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ മുന്‍ പ്രസിഡന്റ് ആയിരുന്ന ജേക്കബ് സുമയെ കഴിഞ്ഞ വെളളിയാഴ്ച്ചയാണ് ജയിലിലടച്ചത്. 9 വര്‍ഷക്കാലം പ്രസിഡന്റായിരുന്ന ജേക്കബ് സുമയ്ക്ക് അഴിമതി കേസിലാണ് പതിനഞ്ച് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. തുടര്‍ന്നായിരുന്നു രാജ്യത്ത് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.