ഇടമലക്കുടിയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചു; 24കാരനും 40കാരിക്കും വൈറസ് ബാധ

ഇടുക്കി: കൊറോണ മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവർഗ പഞ്ചായത്തായ മൂന്നാർ ഇടമലക്കുടിയിൽ കൊറോണ സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കൊറോണ സ്ഥിരീകരിച്ചത്.

വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ടുവർഷമായി കടുത്ത കൊറോണ നിയന്ത്രണങ്ങൾ മൂലം ഒരാൾക്കുപോലും ഇടമലക്കുടിയിൽ കൊറോണ സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കർശനമായ പരിശോധനകൾക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സർക്കാർ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുള്ളവരെയും മാത്രമാണ് ഇങ്ങനെ പ്രവേശിപ്പിച്ചിരുന്നത്.

26 കുടികളിലായി എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയിൽ ഉള്ളത്. ഈ കുടുംബങ്ങളിലുള്ളവർക്കല്ലാതെ ആർക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. പുറത്തുള്ളവർ വരുന്നുണ്ടോ എന്ന് അറിയാൻ പഞ്ചായത്തും ഊരുമൂപ്പൻമാരും ചേർന്ന് വഴികളിൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പിൻ്റെ അനുമതിയില്ലാതെ ആർക്കും ഇടമലക്കുടിയിലേക്ക് പോകാനാവില്ല.

രണ്ടാഴ്ച മുൻപ് ഇടുക്കി എംപി ഡീൻ കുര്യാക്കോസിനൊപ്പം ഒരു ബ്ലോഗർ ഇടമലക്കുടിയിൽ പ്രവേശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എംപിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങൾക്ക് ഉയർന്നിരുന്നു.