അഫ്ഗാൻ്റെ ഏഴ് പൈലറ്റുകളെ താലിബാൻ കൊലപ്പെടുത്തി; കൂടുതൽ വ്യോമസേന പൈലറ്റുകളെ ലക്ഷ്യമിട്ട് താലിബാൻ

കാബൂൾ: അഫ്ഗാന്റെ ഏഴ് പൈലറ്റുകളെ താലിബാൻ കൊലപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വ്യോമസേന പൈലറ്റുകളെ താലിബാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. അമേരിക്കയും സഖ്യകക്ഷി സേനയും പിന്മാറിയതിനു തൊട്ടു പിറകെയാണ് അഫ്ഗാൻ പൈലറ്റുകളെ താലിബാൻ വേട്ടയാടുന്നത്.

എയർ ഫോഴ്സ് മേജറായ ദസ്തഗിർ സമറായെ പതിനാലുകാരനായ മകന്റെ മുന്നിൽ വച്ചാണ് താലിബാൻ കൊലയാളി ഇല്ലാതാക്കിയത്. തന്റെ സ്ഥലം വിൽക്കാനായി റിയൽ എസ്റ്റേറ്റ് ഓഫീസിലെത്തിയ സമറായ് തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

താലിബാനുമായി താരതമ്യപ്പെടുത്തുമ്പോൾ അഫ്ഗാനിസ്താന്റെ ശക്തിയാണ് വ്യോമസേന. അമേരിക്കൻ പരിശീലനം ലഭിച്ച വ്യോമസേന പൈലറ്റുമാരാണ് അഫ്ഗാനിസ്താനുള്ളത്. എന്നാൽ താലിബാനെ സംബന്ധിച്ചിടത്തോളം വ്യോമസേനയുടെ സഹായം ഇല്ല. സ്വന്തമായി പൈലറ്റുകളുമില്ല. ഇത് ഒരു ദൗർബല്യമായി താലിബാൻ കണക്കാക്കുന്നു. അതുകൊണ്ടാണ് വ്യോമസേന പൈലറ്റുമാരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്.

അഫ്ഗാൻ വ്യോമസേന പൈലറ്റുകളെ തങ്ങൾ ലക്ഷ്യമിട്ട് വധിക്കുന്നുണ്ടെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദും സമ്മതിച്ചു. താലിബാൻ മേഖലയിൽ ആക്രമണം നടത്തുന്നതു കൊണ്ടാണ് അഫ്ഗാൻ പൈലറ്റുകളെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തുന്നതെന്ന് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.

പൈലറ്റുകൾക്ക് ഗുരുതരമായ ഭീഷണി താലിബൻഐൽ നിന്ന് ഉണ്ടാകുന്നുണ്ടെന്ന് അഫ്ഗാനിസ്താനും അനൗദ്യോഗികമായി സമ്മതിക്കുന്നുണ്ട്. പൈലറ്റുമാരേയും കുടുംബത്തേയും കൂടുതൽ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ടെന്നാണ് അഫ്ഗാൻ സുരക്ഷ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.