തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ലോക്ഡൗൺ കാലയളവിൽ സൈബർ കേസുകളിൽ വൻ വർധന. സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇരട്ടിയായി വർധിച്ചതായാണ് സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
2021 ജൂലൈയിൽ സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് മെയ് മാസം വരെ 273 സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ വർഷം ഏപ്രിൽ മുതൽ മെയ് മാസം വരെ മാത്രം 50ഓളം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു. 2016ൽ 283 കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2020ഓടെ ഇത് 550 ആയി ഉയർന്നു.
2017ൽ 320 ഉം 2018ൽ 340ഉം 2019ൽ 307ഉം കേസുകളുമായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്ന വിവരങ്ങള്‍ സംയോജിപ്പിക്കാനുള്ള സൈബർ ഡോമിന്റെ പ്രവർത്തനം സംസ്ഥാനത്ത് ഇതിനോടകം വ്യാപിപ്പിച്ചിട്ടുണ്ട്.
കമ്പ്യൂട്ടറുകളിലേക്കും മറ്റ് നെറ്റ് വർക്കുകളിലേക്കും അനധികൃതമായി കടന്നു കയറൽ, ഹാക്കിങ്, ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റ മോഷണം, ഇമെയ്ൽ ബോംബിങ്, സലാമി അറ്റാക്ക്, വൈറസ് അറ്റാക്ക്, ലോജിക് അറ്റാക്ക്, ഇന്റർനെറ്റ് ടൈം മോഷണം എന്നിവയെല്ലാം സൈബർ ക്രൈമുകളിൽ ഉൾപ്പെടും.
കൂടാതെ ഓൺലൈൻ വഞ്ചന, ഐ പി സ്പൂഫിംഗ് (വിശ്വസനീയമായ ഐപി അഡ്രസിൽ നിന്ന് എന്ന വ്യാജേന മറ്റൊരാളുടെ സിസ്റ്റത്തിലേക്ക് അതിക്രമിച്ച് കടക്കുന്ന പ്രവൃത്തി), ഫിഷിങ്(ഇലക്ട്രോണിക് കമ്യൂണിക്കേഷൻ വഴി ആളുകളുടെ പാസ് വേർഡ്, യൂസർനെയിം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ അനധികൃതമായി ശേഖരിക്കുന്നത്).
സോഷ്യൽ മീഡിയ ദുരുപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, മൊബൈൽ ഫോണുകളുടെ നഷ്ടം/മോഷണം, തുടങ്ങി കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ എന്നിവയുമായി ബന്ധപ്പെട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും സൈബർ ക്രൈമുകളുടെ പരിധിയിലാണ് വരിക.