ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെന്ന് വത്തിക്കാൻ; ഞായറാഴ്ച ആശീർവാദം ആശുപത്രിയിൽ നിന്ന്

വത്തിക്കാൻ: ഉദരശസ്ത്രക്രിയക്ക് വിധേയനാക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ. സ്ഥിരമായി മാർപാപ്പമാരെ ചികിത്സിക്കുന്ന റോമിലെ ഗെമല്ലി ആശുപത്രിയിലാണ് അദ്ദേഹമിപ്പോൾ. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷം മാർപാപ്പയ്ക്കു പനിയുണ്ടായെങ്കിലും സുഖമായി. അതേസമയം പ്രതീക്ഷിച്ചിരുന്നതുപോലെ ഇന്ന് ആശുപത്രി വിടാനാവില്ലെന്നും വത്തിക്കാൻ അറിയിച്ചു.

ഞായറാഴ്ച വത്തിക്കാനിലെ ശുശ്രൂഷ ചടങ്ങുകളിൽ മാർപ്പാപ്പ പങ്കെടുക്കില്ലെന്നും ആശീർവാദ പ്രാർഥനയ്ക്ക് ആശുപത്രിയിൽ നിന്നു നേതൃത്വം നൽകുമെന്നും വത്തിക്കാൻ അറിയിച്ചു. ജൂലൈ നാലിനാണ് 84കാരനായ മാർപാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

2013ൽ പദവിയിലെത്തിയ ശേഷം ആദ്യമായാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വൻകുടൽ ചുരുങ്ങുന്ന അവസ്ഥയേ തുടർന്നായിരുന്നു ഇത്. പത്ത് പേരടങ്ങുന്ന സംഘമാണ് മാർപ്പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. യുവാവായിരിക്കുമ്പോൾ ഫ്രാൻസിസ് മാർപ്പാപ്പയുടെ ശ്വാസകോശത്തിൻറെ ഒരുഭാഗം അസുഖത്തേത്തുടർന്ന് നീക്കിയിരുന്നു.