ഇന്ത്യയിൽ 174 ജില്ലകളിൽ കൊറോണ വകഭേദം വർധിക്കുന്നു; ലാംബ്ഡ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയ മുന്നറിയിപ്പ്

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വകഭേദമായ ഡെൽറ്റയെക്കാൾ അപകടകാരിയായ ലാംബ്ഡ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം. ഇവ ധ്രുതഗതിയിലാണ് പടർന്നു പിടിക്കുന്നത്. ഇതിനിടെ എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ആയുഷ് ചികിത്സാ രീതിയിലുള്ള പരിശീലനം നിർബന്ധമാക്കി മെഡിക്കൽ കമ്മീഷൻ മാർഗ്ഗരേഖ പുറത്തിറക്കി.

ഡെൽറ്റ, ഡെൽറ്റ പ്ലസ്, കാപ്പ, ആൽഫ തുടങ്ങിയ കൊറോണയുടെ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ ജാഗ്രതാ നിർദേശം. രാജ്യത്തെ 174 ജില്ലകളിൽ കൊറോണയുടെ പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ത്രിപുരയിൽ പരിശോധന നടത്തിയ 151 സാമ്പിളുകളിൽ 138 എണ്ണത്തിൽ ഡെൽറ്റ പ്ലസിൻ്റെ സാന്നിധ്യം കണ്ടെത്തി.

ഉത്തർപ്രദേശിൽ നിന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 80 ശതമാനത്തിൽ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു. ആൽഫ, കാപ്പ , എന്നീ വകഭേദങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ കണ്ടെത്തിയിട്ടുണ്ട്. കൊറോണയുടെ ലാംഡ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ലോകത്ത് മുപ്പത് രാജ്യങ്ങളിലാണ് ഇതുവരെ ലാംബ്ഡ സ്ഥിരീകരിച്ചിട്ടുളളത്.