കൊറോണയുടെ ‘ഡെല്‍റ്റ’ വകഭേദം ദ്രുതഗതിയില്‍ അമേരിക്കയിൽ പടരുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ തുടക്കത്തില്‍ തിരിച്ചറിഞ്ഞ കൊറോണയുടെ ‘ഡെല്‍റ്റ’ വകഭേദം ദ്രുതഗതിയില്‍ അമേരിക്കയിൽ പടരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ റിപ്പോര്‍ട്ട്​ ചെയ്യുന്ന ആകെ രോഗികളില്‍ 80 ശതമാനവുമിപ്പോള്‍ ഡെല്‍റ്റ വകഭേദം സ്​ഥിരീകരിക്കുന്നവരാണ്​. കൊറോണ വാക്​സിനേഷന്‍ വേഗത്തിലാക്കി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്ന തിരക്കിലുള്ള ബൈഡന്‍ ഭരണകൂടത്തിന്​ പുതിയ വ്യാപനം കടുത്ത ഭീഷണി സൃഷ്ടിക്കുകയാണ് .

ഡെല്‍റ്റ അഥവാ, ബി.1.617.2 എന്ന വകഭേദമാണിപ്പോള്‍ പുതിയ രോഗികളില്‍ 80 ശതമാനത്തിലേറെ പേരിലും കണ്ടെത്തുന്നത്​. മിസോറി, ഇയോവ, കന്‍സാസ് എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​. യൂട്ട, കൊളറാഡോ സംസ്​ഥാനങ്ങളില്‍ നാലില്‍ മൂന്നും ഇതാണ്​.

ഫൈസര്‍, മോഡേണ കമ്പനികളുടെ വാക്​സിനുകളാണ്​ യു എസ് ഭൂരിഭാഗം പേര്‍ക്കും നല്‍കുന്നത്​. അതേ സമയം, ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം അപകടകരമാണെന്ന്​ യുഎസിലെ പകര്‍ച്ച വ്യാധി വിഭാഗം വിദഗ്​ധന്‍ ഡോ. ആന്‍റണി ഫൗചി മുന്നറിയിപ്പ്​ നല്‍കുന്നു.