സൂപ്പർമാൻ സിനിമ സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു

വാഷിംഗ്‌ടൺ: വിഖ്യാത ഹോളിവുഡ് സംവിധായകനും സൂപ്പർമാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ റിച്ചാർഡ് ഡോണർ (91)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. റിച്ചാർഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലർ ആണ് മരണവാർത്ത അറിയിച്ചത്.

റിച്ചാർഡ് ഡോണർ 1961ൽ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976ൽ പുറത്തിറങ്ങിയ ദ ഒമെൻ എന്ന സിനിമയിലൂടെ റിച്ചാർഡ് ഡോണർ പ്രശസ്‍തനായി. 1978ൽ സൂപ്പർമാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ ആഗോളതലത്തിലും റിച്ചാർഡ് ഡോണർ പ്രശസ്‍തനായി. സിനിമ വൻ ഹിറ്റായി മാറിയിരുന്നു.

അക്കാദമി ഓഫ് സയൻസ് ഫിക്ഷന്റെ അടക്കം ഒട്ടേറെ അവാർഡുകൾ റിച്ചാർഡ് ഡോണറിന് ലഭിച്ചിട്ടുണ്ട്. മിടുക്കനായ അധ്യാപകൻ, മോട്ടിവേറ്റർ, എല്ലാവർക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകൻ എന്നിങ്ങനെയൊക്കെയായ റിച്ചാർഡ് ഡോണർ പോയി എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സംവിധായകൻ സ്റ്റീവൻ സ്‍പിൽബെർഗ് അനുസ്‍മരിക്കുന്നത്.