ന്യൂഡെൽഹി: റഷ്യയുടെ കൊറോണ പ്രതിരോധ വാക്സിനായ സ്പുട്നിക് വി ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതിന് പ്രമുഖ ഫാർമ കമ്പനിയായ പനസിയ ബയോടെക്കിന് ദി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) ലൈസൻസ്. സ്പുട്നിക് വാക്സിൻ പ്രാദേശികമായി നിർമ്മിക്കുന്നതിന് ലൈസൻസ് ലഭിക്കുന്ന ആദ്യ കമ്പനിയാണ് പനസിയ.
വാക്സിൻറെ അന്താരാഷ്ട്ര ഉത്പാദനത്തിൻറെയും വിതരണത്തിൻറെയും ചുമതലയുള്ള റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടുമായി (ആർ.ഡി.ഐ.എഫ്) സ്പുട്നിക് ഉൽപാദനത്തിൽ പങ്കാളിയായ ആറ് കമ്പനികളിൽ ഒന്ന് പനസിയ ബയോടെക് ആണ്. രണ്ട് ഡോസ് സ്പുട്നിക് വാക്സിൻ എടുക്കുന്നത് കൊറോണ പ്രതിരോധത്തിൽ 91.6 ശതമാനം വിജയകരമാണെന്നാണ് ഗമലേയ സെൻററിന്റെ അവകാശവാദം
പനസിയയുടെ ഹിമാചൽപ്രദേശിലെ ബഡ്ഡിയിലുള്ള നിർമാണശാലയിലുണ്ടാക്കിയ സ്പുട്നിക് വാക്സിൻറെ ആദ്യബാച്ച് മേയ് അവസാനവാരം റഷ്യയിലെ ഗമലേയ സെൻററിന് കൈമാറിയിരുന്നു. ഗമലേയ സെൻററിലെ എല്ലാവിധ ഗുണനിലവാര പരിശോധനകളും വിജയകരമായി പിന്നിട്ട വാക്സിൻ ഹിമാചൽ പ്രദേശിലെ കസോളിയിലുള്ള സെൻട്രൽ ഡ്രഗ് ലബോറട്ടറിയിലെ പരിശോധനകളും വിജയിച്ചിരുന്നു. ഈ പരീക്ഷണ വിജയങ്ങളും ഇപ്പോൾ ലഭിച്ച ഡി.സി.ജി.ഐ ലൈസൻസും കമ്പനിക്ക് ലഭിച്ച മികച്ച അംഗീകാരമാണെന്ന് പനസിയ ബയോടെക് മാനേജിങ് ഡയറക്ടർ രാജേഷ് ജെയ്ൻ വ്യക്തമാക്കി .
വർഷം തോറും 100 മില്യൺ ഡോസുകൾ ഉൽപാദിപ്പിക്കാനാണ് ആർ.ഡി.ഐ.എഫുമായി ധാരണയായിരിക്കുന്നതെന്ന് പനസിയ വൃത്തങ്ങൾ അറിയിച്ചു. സ്പുട്നിക് വാക്സിൻറെ വിതരണത്തിന് ആർ.ഡി.ഐ.എഫുമായി ധാരണയുണ്ടാക്കിയിരിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറി വഴിയായിരിക്കും പനസിയ ഉൽപാദിപ്പിക്കുന്ന വാക്സിനും വിതരണം ചെയ്യുക. 250 മില്യൺ ഡോസുകൾ വിതരണം ചെയ്യുന്നതിനാണ് ഡോ. റെഡ്ഡീസ് ലബോറട്ടറിയും ആർ.ഡി.ഐ.എഫും തമ്മിൽ ധാരണയായിരിക്കുന്നത്.
ഏപ്രിൽ 12 നാണ് സ്പുട്നിക് വി ക്ക് ഇന്ത്യ അടിയന്തര ഉപയോഗ അനുമതി നൽകിയത്. മേയ് 14 മുതൽ ഈ വാക്സിൻ രാജ്യത്ത് വിതരണം ചെയ്തു വരുന്നുണ്ട് . മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, ബംഗളൂരു, ഡെൽഹി, ബഡ്ഡി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ സ്പുട്നിക് വാക്സിൻ നൽകുന്നുണ്ട്. 67 രാജ്യങ്ങളാണ് സ്പുട്നിക് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.