ശസ്ത്രക്രിയ കഴിഞ്ഞു; ഫ്രാന്‍സിസ് മാര്‍പാപ്പ ആരോഗ്യവാനായിരിക്കുന്നുവെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: വന്‍കുടല്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയ്ക്ക് വിധേയനായ ഫ്രാന്‍സിസ് മാര്‍പാപ്പ ആരോഗ്യവാനായിരിക്കുന്നതായി വത്തിക്കാന്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയോടെയാണ് റോമിലെ ഗെമല്ലി ആശുപത്രിയില്‍ 84കാരനായ മാര്‍പാപ്പയെ പ്രവേശിപ്പിച്ചത്.

വിദഗ്ധ പരിശേധയ്ക്ക് ശേഷം ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. 10 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വത്തിക്കാന്‍ വക്താവ് ബ്രൂണിയും അറിയിച്ചു.

ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. കഴിഞ്ഞയാഴ്ച വിശ്വാസികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാഖ് സന്ദര്‍ശിച്ച മാര്‍പ്പാപ്പ സപ്തംബറില്‍ സ്ലോവാക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു.