തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂലൈ 12വരെ നീട്ടി; കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചു

ചെന്നൈ: കൂടുതല്‍ ഇളവുകളോടെ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂലൈ 12വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഹോട്ടലുകളില്‍ സീറ്റുകളുടെ പകുതി എണ്ണം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. കൊറോണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ലോഡ്ജുകള്‍ക്കും ഗസ്റ്റ് ഹൗസുകള്‍ക്കും പ്രവര്‍ത്തിക്കാം.

50 ശതമാനം സന്ദര്‍ശകരെ അനുവദിച്ച്‌ വിനോദ പാര്‍ക്കുകള്‍ തുറക്കാം. ഓഫിസുകള്‍ക്കും ഐ.ടി മേഖലയ്ക്കും 50 ശതമാനം ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം. പകുതി പേരുമായി ബസുകള്‍ക്ക് സര്‍വിസ് നടത്താം. ജില്ലാനന്തര യാത്രകള്‍ക്ക് ഇ-പാസ് നിയന്ത്രണം ഒഴിവാക്കി.

എന്നാൽ സിനിമ തിയറ്ററുകള്‍, ബാര്‍, സ്വിമ്മിങ് പൂളുകള്‍, സ്‌കൂള്‍-കോളജുകള്‍, മൃഗശാല എന്നിവ അടഞ്ഞുകിടക്കും.
50 പേരെ വെച്ച്‌ വിവാഹങ്ങളും 20 പേര്‍ പങ്കെടുക്കുന്ന മരണാനന്തര ചടങ്ങുകളും നടത്താം. സംസ്ഥാനത്തെ 38 ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത്.