നടുക്കടലിൽ തീപിടുത്തം;വൃത്താകൃതിയിൽ തീ ഉയർന്നു; സമുദ്ര ഉപരിതലം ലാവയോട് സമാനമായി

മെക്‌സിക്കോ: സമുദ്രത്തിന് അടിയിലെ പൈപ്പ് ലൈനിൽ നിന്നുള്ള വാതക ചോർച്ചയെത്തുടർന്ന് മെക്‌സിക്കോയിലെ കടലിൽ തീപിടുത്തം. പെനിൻസുലയിലെ യുക്കാറ്റൻ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രനിരപ്പിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. സമുദ്രത്തിന്റെ ഉപരിതലത്തിന് മുകളിൽ തീപടരുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

സമുദ്രത്തിന്റെ ഉപരിതലം ലാവയോട് സമാനമായിരുന്നു. വൃത്താകൃതിയിൽ തീ ഉയരുന്നതും വീഡിയോയിൽ കാണാം. പെമെക്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമുകളിലൊന്നായ കു മാലൂബ് സാപ് ഓയിൽ ഡെവലപ്പ്‌മെന്ററിലേക്ക് ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനിലായിരുന്നു വാതക ചോർച്ചയുണ്ടായത്.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും പെമെക്‌സ് അറിയിച്ചു. കപ്പലുകളും ഹെലികോപ്റ്ററുകളുമെത്തിയാണ് തീ അണച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. ആളപായമില്ലെന്നും കമ്പനി വ്യക്തമാക്കി.