കോവോവാക്‌സിന് രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ അനുമതി ലഭിച്ചേക്കും

ന്യൂഡെൽഹി: അമേരിക്കൻ വാക്സിൻ നിർമാതാക്കളായ നോവവാക്സ് വികസിപ്പിച്ചെടുത്ത കോവോവാക്സ് കൊറോണ വാക്സിൻ സെപ്തംബറിനുള്ളിൽ രാജ്യത്ത് ലഭ്യമായേക്കും. ഒരു ഡോളറിന് താഴെ മാത്രമേ ഇതിന് ചെലവ് വരുന്നുള്ളൂവെങ്കിലും വിതരണത്തിനെത്തുമ്പോൾ കോവിഷീൽഡിനേക്കാൾ വിലയുണ്ടായിരിക്കുമെന്നാണ് കമ്പനി സിഇഒ ഒരു അഭിമുഖത്തിനിടെ സൂചിപ്പച്ചിരിക്കുന്നത്.

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാനിരിക്കുന്ന അഞ്ചാമത്തെ കൊറോണ വാക്സിനാകും കോവോവാക്സ്. കോവോവാക്സ് വിവിധ കൊറോണ വകഭേദങ്ങൾക്കെതിരെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെങ്കിലും ഡെൽറ്റ വകഭേദത്തിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ചുള്ള ഡാറ്റ ലഭ്യമായിട്ടില്ലെന്ന് നോവവാക്സ് സി.ഇ.ഒ സ്റ്റാൻലി എർക്ക് പറഞ്ഞു.

കൊറോണ വൈറസിനെതിരെ 90 ശതമാനത്തിലധികമാണ് കോവോവാക്സ് ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളത്. അതേ സമയം ഡെൽറ്റ വകഭേദത്തിന് വാക്സിൻ എത്രത്തോളം ഫലപ്രാപ്തിയുണ്ടെന്നതിന് അധികൃതർ ഫലങ്ങൾ പുറത്തുവിട്ടിട്ടില്ല.