രാജ്യത്ത് മൂന്നാംതരംഗം ഉടൻ ഉണ്ടാകാൻ ഇടയില്ലെന്ന് ഐസിഎംആർ; കുട്ടികൾക്കുള്ള കൊറോണ വാക്സിൻ ഓഗസ്റ്റ് മുതൽ

ന്യൂഡൽഹി: രാജ്യത്ത് മൂന്നാംതരംഗം ഉടൻ ഉണ്ടാകാൻ ഇടയില്ലെന്ന് ഐസിഎംആർ വ്യക്തമാക്കി.ആറുമുതൽ എട്ടുമാസം വരെ വൈകാനാണ് സാദ്ധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ഐസിഎംആർ കൊറോണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻകെ അറോറ പറഞ്ഞു അതിനാൽ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ കുത്തിവെക്കാൻ സാവകാശം ലഭിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈഡസ് കാഡില വാക്‌സിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. ജൂലായ് അവസാനത്തോടെയോ ഓഗസ്‌റ്റോടെയോ ഈ വാക്‌സിൻ 12 18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് കുത്തിവച്ച്‌ തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 12 വയസിനുമേൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്‌റ്റോടെ കൊറോണ വാക്‌സിൻ ലഭ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ പ്രതിദിനം ഒരുകോടി പേർക്ക് വാക്‌സിൻ കുത്തിവെക്കാനാണ് ലക്ഷ്യമിടുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ഉപയോഗിച്ച്‌ രണ്ട് മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ സെപ്തംബറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.