ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; കടുത്ത ശിക്ഷ വിധിച്ചത് കുടുംബത്തിന്റെ വേദന തിരിച്ചറിഞ്ഞെന്ന് കോടതി

മിനിയാപോളിസ്: ലോക മനസാക്ഷിയെ നടുക്കിയ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരൻ ജോര്‍ജ് ഫ്‌ളോയിഡിൻ്റെ കൊലതക കേസില്‍ പൊലീസുകാരന് ഇരുപത്തിരണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ചത് കുടുംബത്തിന്റെ വേദന തിരിച്ചറിഞ്ഞെന്ന് കോടതി. മിനിയാപോളിസ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഡെറക് ഷോവിനെയാണ് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. അധികാര ദുര്‍വിനിയോഗമാണ് ഫ്‌ളോയിഡിന്റെ മരണത്തിന് ഇടയാക്കിയതെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത് എന്നും വിധി ന്യായത്തില്‍ കോടതി പറയുന്നു.

30 വര്‍ഷത്തെ തടവാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മിനിയാപോളിസ് കോടതി ജഡജി പീറ്റര്‍ കാഹില്‍ ഇത് 22.5 വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു.അതേസമയം, ഡെറക്
ഷോവിന് നല്ലനടപ്പിന്റെ ആനുകൂല്യവും ശിക്ഷയുടെ 15 വര്‍ഷം കഴിയുമ്പോഴോ മൂന്നില്‍ രണ്ട് ഭാഗമാകുമ്പോഴോ ലഭിക്കാവുന്നതുമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ ഷോവിന്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഏപ്രിലിലാണ് കോടതി കണ്ടെത്തിയത്. വിധി പ്രസ്ഥാവനയുടെ സമയത്ത് കോടതി മുറിയില്‍ നിശബ്ദമായി ഷോവിന്‍ നിശബ്ദനായി കാണപ്പെട്ടുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളോയിഡിന്റെ കുടുംബത്തോട് കോടതി അനുശോചനം രേഖപ്പെടുത്തി.

പ്രതി പോലീസ് ഉദ്യോഗസ്ഥന്‍ എന്ന പദവിയുടെ വിശ്വാസവും അധികാരവും കളങ്കപ്പെടുത്തി. ഫ്‌ലോയിഡിനോട് അതീവ ക്രൂരമായി പെരുമാറി. കുട്ടികളുടെ മുന്നില്‍ വച്ചാണ് കുറ്റകൃത്യം നടത്തിയത് എന്നിങ്ങനെയുള്ള പ്രോസിക്യൂഷന്റെ പ്രധാന കുറ്റാരോപണങ്ങള്‍ കോടതി ശരിവയ്ക്കുകയും ചെയ്തു.

2020 മേയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. മിനിയാപൊളിസിലെ ഒരു സ്റ്റോറില്‍ 20 ഡോളറിന്റെ വ്യാജ ബില്‍ നല്‍കിയെന്ന് ആരോപിച്ചാണ് ഫ്‌ളോയിഡിനെ പിടികൂടിയത്. തുടര്‍ന്ന്പൊതുനിരത്തിലേക്ക് തള്ളിയിട്ടു. ഒന്‍പത് മിനിട്ടോളം സമയം ഫ്‌ളോയിഡന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി വയ്ക്കുകയായിരുന്നു ഷോവിന്‍ ചെയ്തത്. തനിക്ക് ശ്വാസം മുട്ടുന്നതായി ഫ്‌ളോയിഡ് പറഞ്ഞുവെങ്കിലും കാല്‍മുട്ട് മാറ്റാന്‍ ഷോവിന്‍ തയ്യാറായില്ല.

ക്രൂരമായ ഈ കൊലപാതകത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകുന്നത്. വംശീയ നീതിക്കുവേണ്ടിയുള്ള അമേരിക്കയുടെ ഏറ്റവും വലിയ പ്രകടനത്തിന് ഫ്‌ളോയിഡിന്റെ കൊലപാതകം കാരണമായി.