ജനീവ: കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ ലോകത്തിലെ അസമത്വം തുറുന്നുകാട്ടി വീണ്ടും ലോകാരോഗ്യ സംഘടന. വികസിത രാജ്യങ്ങള്‍ വലിയ തോതില്‍ വാക്‌സിന്‍ വാങ്ങികൂട്ടി തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നു. എന്നാൽ ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി അഥനോം ഗബ്രിയേസിസ് പറഞ്ഞു.
സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച്ച കേസുകളുടെ എണ്ണം 40 ശതമാനം വര്‍ദ്ധിച്ചു. കൊറോണയുടെ ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വൈറസ് ആഗോള തലത്തില്‍ പടര്‍ന്നുപിടിക്കുന്നത് വളരെയധികം അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള സമൂഹം എന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കേണ്ട ഈ സാഹചര്യത്തില്‍ നമ്മള്‍ പരാജയപ്പെടുകയാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മനോഭാവമാണ്. വാക്‌സിന്‍ വിതരണത്തിലെ പ്രതിസന്ധികളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതിനാല്‍ വാക്സിന്‍ വിതരണത്തിലെ ഇത്തരം പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം-അഥനോം പറഞ്ഞു.
സമ്പന്ന രാഷ്ട്രങ്ങള്‍ വാക്‌സിന്‍ അവികസിത രാജ്യങ്ങള്‍ക്ക് നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ വാക്‌സിന്‍ ലഭ്യത വളരെ കുറവാണ്. അതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ ലോക രാഷ്ട്രങ്ങളുടെ സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഹാമാരിയുടെ കാലത്ത് നിങ്ങള്‍ക്ക് വാക്‌സിന്‍ തരാന്‍ സാധിക്കില്ല. കാരണം നിങ്ങള്‍ അത് ഉപയോഗിക്കില്ലെന്ന് കരുതുന്നുവെന്ന് പറയുന്ന കൊളോണിയല്‍ മാനസികാവസ്ഥ പുറത്തെടുക്കുന്നത് ശരിയല്ലെന്നും അഥനോം ഗബ്രിയേസിസ് പറഞ്ഞു.
പോളിയോ, കോളറ തുടങ്ങിയവയില്‍ ചില രാജ്യങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന എമര്‍ജന്‍സി വിദഗ്ധരില്‍ ഒരാളായ മൈക്ക് റയാന്‍ പറഞ്ഞു. വൈറസ് ബാധയുടെ രണ്ടാം ഘട്ടം തുടരുമ്പോഴും ദരിദ്ര രാജ്യങ്ങളിലെ വാക്‌സിന്‍ പ്രതിസന്ധി ചൂണ്ടികാട്ടി ലോകാരോഗ്യ സംഘടന മുന്‍പും രംഗത്തെത്തിയിരുന്നു.