ന്യൂഡെല്‍ഹി: അമേരിക്കന്‍ കൊറോണ പ്രതിരോധ വാക്സിനായ ഫൈസര്‍ ഇന്ത്യയില്‍ ഉപയോഗാനുമതിക്കായുള്ള അന്തിമഘട്ടത്തിലാണെന്ന് സി.ഇ.ഒ ആല്‍ബര്‍ട്ട് ബോര്‍ല. ഇന്ത്യന്‍ സര്‍ക്കാറുമായി ഉടന്‍ ധാരണയിലെത്താനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 15ാമത് ബയോഫാര്‍മ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൈസറിനും മറ്റൊരു അമേരിക്കന്‍ വാക്സിനായ മൊഡേണക്കും ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്കുന്ന കാര്യം പരിഗണനയിലാണെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ പരീക്ഷണം നടത്തി ഫലപ്രാപ്തി തെളിയിച്ച വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ പ്രത്യേക പരീക്ഷണം ആവശ്യമില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
കൂടുതല്‍ വിദേശ വാക്സിനുകള്‍ക്ക് ഇന്ത്യയിലെത്താന്‍ സഹായകമായത് ഈയൊരു തീരുമാനമാണ്. മരുന്നു നിര്‍മാണ രംഗത്തെ അതികായരായ ഫൈസര്‍, ജര്‍മന്‍ കമ്പനിയായ ബയേണ്‍ടെകുമായി ചേര്‍ന്നാണ് തങ്ങളുടെ വാക്സിന് വികസിപ്പിച്ചത്. കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് പഠനങ്ങളില്‍ വ്യക്തമായതായി കമ്പനി അവകാശപ്പെടുന്നു.