കൊറോണ പ്രതിരോധ വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ബലമായി വാക്സിന്‍; വാക്സിന്‍ സ്വീകരിക്കാത്തവരെ ജയിലില്‍ അടയ്ക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്

മനില: കൊറോണ പ്രതിരോധ വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ബലമായി വാക്സിന്‍ കുത്തിവെക്കുമെന്നും വാക്സിൻ സ്വീകരിക്കാത്തവരെ ജയിലില്‍ അടയ്ക്കുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. തിങ്കളാഴ്ച രാത്രി നടന്ന ക്യാബിനറ്റ് യോഗത്തിനിടെയാണ് രാജ്യത്തെ വാക്സിനേഷന്‍ നിരക്ക് താഴ്ന്ന നിലയില്‍ തന്നെ തുടരുന്നതിലുള്ള അമര്‍ഷം പ്രസിഡന്റ് പ്രകടിപ്പിച്ചത്.

‘വാക്സിനെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ ഫിലിപ്പീന്‍സ് വിട്ടു പോകുക, ഇന്ത്യയിലോ അമേരിക്കയിലോ എവിടെ വേണമെങ്കിലും പോകാം. ഇവിടെ തുടരുന്നിടത്തോളം കാലം വാക്സിന്‍ എടുക്കുക തന്നെ വേണം’- ഡ്യൂട്ടര്‍ട്ട് പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ പോകാനാണോ വാക്സിനെടുക്കാനാണോ താത്പര്യമെന്ന് ചോദിക്കുമെന്നും വാക്സിന്‍ വേണ്ടെന്ന് മറുപടി നല്‍കുന്നവര്‍ക്ക് ബലമായി താന്‍ വാക്സിന്‍ കുത്തിവെക്കുമെന്നും ഡ്യൂട്ടര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

വിവാദപരവും കാര്‍ക്കശ്യം നിറഞ്ഞതുമായ പ്രസ്താവനകളിലൂടെ സ്ഥിരമായി വാര്‍ത്തകളില്‍ നിറയുന്ന രാഷ്ട്രനേതാവാണ് ഡ്യൂട്ടര്‍ട്ട്. വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ മുന്‍കൂട്ടിയുള്ള നിശ്ചയപ്രകാരം മാത്രം വാക്സിന്‍ സ്വീകരിക്കാനെത്തുന്ന രീതി ഫിലിപ്പീന്‍സ് തിങ്കളാഴ്ച റദ്ദാക്കി. മൊബൈൽ സന്ദേശങ്ങളിലൂടെ 28,000 പേര്‍ക്ക് വാക്സിന്‍ എടുക്കാൻ അറിയിപ്പ് നല്‍കിയിട്ടും 4,402 പേരേ കഴിഞ്ഞ ദിവസം മനിലയില്‍ എത്തിച്ചേര്‍ന്നുള്ളു.