തിരുവനന്തപുരം: സംസ്ഥാനത്തു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് പത്തിൽ താഴെയായതാണ് കൂടുതൽ ഇളവുകൾ നൽകാൻ കാരണം. ആരാധനാലയങ്ങൾ തുറക്കുന്നത് പരിഗണിച്ചേക്കും.
നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് വിവരം.ബുധനാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന അവലോകന യോഗമാണ് നാളത്തേക്ക് മാറ്റി നിശ്ചയിച്ചത്. ഇപ്പോൾ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുള്ളത്. അത് നാളെ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രഖ്യാപിച്ചേക്കും.
ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും തുറന്ന് യാതൊരു നിയന്ത്രണവും പാലിക്കാതെ കച്ചവടം പൊടിപൊടിക്കുമ്പോൾ ആരാധനാലയങ്ങൾ അടച്ചിടുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്. അതുകൊണ്ട് തന്നെ ആരാധനാലയങ്ങൾ തുറക്കുമോ എന്നത് സജീവ ചർച്ചയായിട്ടുണ്ട്. വിവിധ മതസാമുദായിക നേതാക്കളും സംഘടനകളും തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അതിന് സമയമായിട്ടില്ലെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ധർക്ക് അഭിപ്രായമുണ്ട്.
തിയേറ്ററുകളും ഷോപ്പിംഗ് മാളുകളും ഈ ഘട്ടത്തിൽ തുറക്കാനുള്ള സാധ്യത കുറവാണ്. നിശ്ചിത എണ്ണം ആളുകൾക്ക് കൊറോണ പ്രോട്ടോക്കോൾ പാലിച്ച് സീരിയൽ ഷൂട്ടിംഗ് അടക്കമുള്ളവയ്ക്ക് അനുമതി നൽകാനുള്ള സാധ്യതയുമുണ്ട്.
സംസ്ഥാനത്ത് 30നു മുകളിലൊക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളിൽ മാത്രമേ ഉള്ളു. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകൾ അനുവദിച്ച സ്ഥലങ്ങളിൽ ടിപിആർ നിരക്ക് കൂടിയിട്ടുമില്ല. അതുകൊണ്ടു തന്നെ രോഗവ്യാപന തോത് സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് ഇടയില്ല എന്നതാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.