ഇറാനിൽ ഇബ്രാഹിം റയ്‌സി പുതിയ പ്രസിഡൻ്റാകും; 90 ശതമാനം വോട്ടുകളും രേഖപ്പെടുത്തി

ടെഹ്‌റാന്‍: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കയുടെ ഉപരോധം നേരിടുന്ന ഇറാൻ നീതിന്യായ വകുപ്പ് മേധാവി ഇബ്രാഹിം റയ്‌സി പുതിയ പ്രസിഡന്റായേക്കുമെന്ന് സൂചന. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 90 ശതമാനം വോട്ടുകളും രേഖപ്പെടുത്തിക്കഴിഞ്ഞപ്പോഴാണ് റയ്‌സി മുന്നിലെത്തിയത്.

ഇതുവരെ എണ്ണിയ 28.6 മില്യന്‍ വോട്ടുകളില്‍ റയ്‌സി 17.8 മില്യന്‍ വോട്ട് നേടി. തീവ്ര നിലപാടുകാരനാായ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് മുന്‍ മേധാവി മുഹ്‌സിന്‍ റിസായി 3.3 മില്യന്‍ വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ മിതവാദിയായ മുന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി അബ്ദുന്നാസര്‍ ഹിമ്മത്തി 2.4 ലക്ഷം വോട്ടുകള്‍ നേടി.

യാഥാസ്ഥിതിക കക്ഷിക്കാരനായ ആമിര്‍ ഹുസൈന്‍ ഖാസി സാദിഹ് ഒരു മില്യന്‍ വോട്ടിലേറെ നേടി. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പാര്‍ട്ടിക്കാരായ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടിരുന്നു. അഴിമതിവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് റയ്‌സി മല്‍സരരംഗത്തു വന്നത്.

പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനയിയുടെ വിശ്വസ്തനാണ് റയ്സി. വര്‍ഷങ്ങളായി സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച റയ്‌സി 2019-ലാണ് നീതിന്യായ വകുപ്പ് മേധാവിയായി നിയമിതനായത്. 1980-കളില്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിന്റെയും 2009-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അടിച്ചമര്‍ത്തിയതിന്റയും സൂത്രധാരനായിരുന്നു റയ്‌സി.

രാഷ്ട്രീയ തടവുകാര്‍ക്ക് വധശിക്ഷ വിധിച്ച സംഭവങ്ങളെ തുടര്‍ന്നാണ് അമേരിക്ക മനുഷ്യാവകാശ ലംഘന കുറ്റം ചുമത്തി റയ്സിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന് അനഭിമതരായ അയ്യായിരം രാഷ്ട്രീയ തടവുകാരെ വധശിക്ഷ വിധിച്ച സംഭവത്തിലെ സൂത്രധാരനാണ് റയ്‌സിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.